ദിലീപിൻ്റെ വിവാദ ശബരിമല ദർശനവും താമസവും; സ്വമേധയാ സ്വീകരിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

നടൻ ദിലീപും സംഘവും വിഐപി പരിഗണനയിൽ ശബരിമല ദർശനം നടത്തിയതിൽ സ്വമേധയാ സ്വീകരിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഹർജിയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡും ശബരിമല സ്‌പെഷ്യൽ കമ്മീഷണറും വിശദമായ റിപ്പോർട്ട് നൽകും. സന്നിധാനത്ത് ഹരിവരാസനം പാടുന്ന സമയത്ത് പത്ത് മിനുട്ടിലേറെ മുൻനിരയിൽ നിന്നാണ് ദിലീപും വിവാദ സംഘാംഗങ്ങളും ദർശനം തേടിയത്.

ഇവരുടെ സന്ദർശനം സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്ന മറ്റ് ഭക്തർക്ക് ദർശനത്തിന് തടസം സൃഷ്ടിച്ചുവെന്നാണ് സ്വമേധയാ സ്വീകരിച്ച ഹർജിയുടെ അടിസ്ഥാനം. ദേവസ്വം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് ഓഫീസർ ഉൾപ്പടെ നാല് പേർക്കെതിരെ നടപടിയെടുത്തതായി എക്‌സിക്യൂട്ടീവ് ഓഫീസർ ഹൈക്കോടതിയെ അറിയിക്കും. ദേവസ്വം ബോർഡിനെതിരെ ഹൈക്കോടതി രൂക്ഷ വിമർശനമുന്നയിച്ച സാഹചര്യത്തിലാണ് നടപടി.

നടൻ ദിലീപിനൊപ്പം കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ കൂട്ടുപ്രതി ശരത്തും ദിലീപിന്റെ മാനേജർ അപ്പുണ്ണിയുമാണ് വിഐപി ദർശനം നേടിയത്. ഇവർക്ക് സന്നിധാനത്ത് താമസം ഒരുക്കിയത്തിലും വിവാദം ഉയരുന്നുണ്ട്. ദേവസ്വം ഓഫീസ് കോംപ്ലക്സിലായിരുന്നു താമസം. മന്ത്രിയും ബോർഡ് അംഗങ്ങളും ഉന്നത ഉദ്യോഗസ്ഥരും താമസിക്കുന്ന ഇടമാണിത്. പണം വാങ്ങാതെയാണ് മുറി അനുവദിച്ചതെന്ന വിവരവും പുറത്തുവന്നിരുന്നുണ്ട്. ദേവസ്വം മെമ്പറുടെ മുറിയാണ് ദിലീപിന് നൽകിയത്.