ഇ-സൈക്കിളുകൾക്ക് സബ്‌സിഡി പ്രഖ്യാപിച്ച് ഡൽഹി സർക്കാർ

വായു മലിനികരണം തടയാൻ ഇലക്ട്രിക് സൈക്കിളുകൾക്ക് സബ്‌സീഡി പ്രഖ്യാപിച്ച് ഡൽഹി സർക്കാർ. ഇലക്ട്രിക് സൈക്കിൾ വാങ്ങുന്നതിന് സാമ്പത്തിക സബ്‌സീഡി നൽകുമെന്ന് നേരത്തെ ഡൽഹി സർക്കാർ വ്യക്തമാക്കിയിരുന്നു. ഇതിനായുള്ള പോർട്ടലും സജീവമായി തുടങ്ങിയിട്ടുണ്ട്. ഈ മാസം ആദ്യം ഇ സൈക്കിൾ മോഡലുകളുടെ ആദ്യ ബാച്ചിന് സർക്കാർ അംഗീകാരം നൽകിയിരുന്നു. സർക്കാരിന്റെ പോർട്ടലിലൂടെ മാത്രമാണ് ഇലക്ട്രിക് സൈക്കിൾ വാങ്ങുന്നതിന് സാമ്പത്തിക സഹായം നൽകുക.

നിലവിൽ ഇലക്ട്രിക് വെഹിക്കിൾ പോളിസിക്ക് കീഴിൽ 5,500 രൂപയുടെ ഉപഭോക്ത സബ്‌സിഡിക്ക് അർഹതയുണ്ട്. ഇതിന് പുറമെയാണ് ആദ്യ 1000 വ്യക്തിഗത ഉപഭോക്താക്കൾക്ക് 2000 രൂപയുടെ അധിക പ്രോത്സാഹനവും പ്രഖ്യാപിച്ചിരിക്കുന്നത്. പാസഞ്ചർ ഇ-സൈക്കിളുകൾ ആദ്യം വാങ്ങുന്ന 1,000 പേർക്ക് 2,000 രൂപ അധിക സബ്സിഡി നൽകും.

ഇ-കാർട്ടുകൾ വാങ്ങുന്ന കമ്പനിക്കോ കോർപ്പറേറ്റ് സ്ഥാപനത്തിനോ 30,000 രൂപ സബ്‌സിഡി നൽകാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഡൽഹി നിവാസികൾക്ക് മാത്രമേ സബ്സിഡി സ്‌കീമിന് അർഹതയുള്ളൂ. നഗരത്തിലെ ഡെലിവറി സേവനങ്ങളിൽ പ്രധാനമായും ഇ-സൈക്കിൾ കൊണ്ടുവരാനായാണ് ഇവയ്ക്ക് സബ്സിഡി അനുവദിക്കാൻ സർക്കാർ തീരുമാനിച്ചത്.

വൈദ്യുതി ഉപയോഗിച്ചുളള വാഹനങ്ങൾ മലിനീകരണം കുറക്കുന്ന സാഹചര്യത്തിൽ, ഇന്ത്യയിൽ അന്തരീക്ഷ മലിനീകരണത്തിൽ മുൻനിരയിൽ നിൽക്കുന്ന നഗരമായ ഡൽഹിയെ സംബന്ധിച്ച് മികച്ച പ്രഖ്യാപനം തന്നെയാണിത്. പദ്ധതിയുടെ വിജയം രാജ്യ വ്യാപക സ്വാധീനത്തിനുളള സാഹചര്യവും നിലനിൽക്കുന്നുണ്ട്.