മിറാമിനെ ചൈനീസ് സൈന്യം ഷോക്കടിപ്പിച്ചെന്ന് പിതാവ്

ചൈനീസ് കസ്റ്റഡിയിൽ തന്റെ മകൻ കടുത്ത മാനസിക പീഡനത്തിനാണ് ഇരയായതെന്നും അവർ ഷോക്കടിപ്പിച്ചെന്നും മിറാം തരോണിന്റെ പിതാവ് പറഞ്ഞു. ”അവൻ ഇപ്പോഴും മാനസികാഘാതത്തിൽ നിന്ന് മോചിതനായിട്ടില്ല. അവനെ പിറകിൽ നിന്ന് ചവിട്ടുകയും നേരിയ തോതിൽ ഷോക്കടിപ്പിക്കുകയും ചെയ്തു. കൂടുതൽ സമയവും അവന്റെ കണ്ണുകൾ മറയ്ക്കുകയും കൈകൾ ബന്ധിക്കുകയും ചെയ്തിരുന്നു. ഭക്ഷണം കഴിക്കുന്ന സമയത്ത് മാത്രമാണ് അവന്റെ കൈകൾ അഴിച്ചിരുന്നത്”-പിതാവ് പറഞ്ഞു.

ചൈനീസ് സൈന്യം തട്ടിക്കൊണ്ടുപോയതായി ആരോപിക്കപ്പെട്ട അരുണാചൽ സ്വദേശിയായ കൗമാരക്കാരൻ വീട്ടിൽ തിരിച്ചെത്തിയിരുന്നു .തിങ്കളാഴ്ച വൈകീട്ടാണ് മിറാം തരോണിനെ ഇന്ത്യൻ സൈന്യം കുടുംബത്തിന് കൈമാറിയത്.

വീട്ടിലെത്തിയ ഇയാൾക്ക് പ്രാദേശിക ഭരണകൂടവും പഞ്ചായത്ത് നേതാക്കൻമാരും ഊഷ്മളമായ സ്വീകരണമാണ് നൽകിയത്. സുഹൃത്തിനൊപ്പം വേട്ടയാടാൻ പോയ ഇയാൾ ജനവരി 18 നാണ് നിയന്ത്രണരേഖക്ക് സമീപത്തുവെച്ച് ചൈനീസ് സൈന്യത്തിന്റെ പിടിയിലായത്.

രക്ഷപ്പെട്ട സുഹൃത്ത് ജോണി യായിങ് ആണ് ഇയാളെ ചൈന കസ്റ്റഡിയിലെടുത്ത വിവരം പുറത്തറിയിച്ചത്. ജനുവരി 27 നാണ് ചൈന ഇയാളെ ഇന്ത്യക്ക് കൈമാറിയത്. വഴിതെറ്റിയ ഇയാളെ തങ്ങൾ രക്ഷപ്പെടുത്തുകയായിരുന്നു എന്നാണ് ചൈനയുടെ വാദം.