ബംഗ്ലാദേശ് സ്വാതന്ത്ര്യത്തിൽ ജനസംഘത്തിന്റെ ആ പങ്ക് !

ഡോ. റാം പുനിയാനി 

ഇന്ന് പാകിസ്ഥാൻ എന്നറിയപ്പെടുന്ന പടിഞ്ഞാറൻ പാകിസ്ഥാനിൽ നിന്നും ബംഗ്ലാദേശ് ഒരു സ്വതന്ത്രരാജ്യമായി മാറിയിട്ട് 50 കൊല്ലമായിരിക്കുന്നു. ആ സുവർണ്ണജൂബിലിയുടെ  വമ്പിച്ച ആഘോഷങ്ങളുടെ ഭാഗമായി മറ്റു ലോക നേതാക്കന്മാരെയെന്ന പോലെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും അവിടെ ക്ഷണിക്കപ്പെട്ടിരുന്നു. പ്രസ്തുതപരിപാടിയിൽ സദസ്സിനെ അഭിസംബോധന ചെയ്യുന്ന വേളയിൽ താൻ ബംഗ്ളാദേശ് സ്വാതന്ത്ര്യത്തിനായി സത്യാഗ്രഹം നടത്തിയതായും ജയിലിൽ പോയതായും മോദി പറയുകയുണ്ടായി. ഈ അവകാശവാദത്തെ കളിയാക്കി നിരവധി പേർ രംഗത്തുവന്നു. കൗശലക്കാരനായ മോദിയുടെ നിരവധി അവകാശവാദങ്ങളിൽ ഒന്നു മാത്രമായിട്ടാണ് ഇതിനെ നിരീക്ഷകർ കണ്ടത്.

ഈ പശ്ചാത്തലത്തിൽ നമുക്ക്  ബംഗ്ലാദേശിന്റെ ചരിത്രത്തിലേക്കൊന്നു കണ്ണോടിക്കാം. 1970- ൽ സംയുക്ത പാകിസ്ഥാനിൽ (കിഴക്കൻ-പടിഞ്ഞാറൻ പാകിസ്ഥാനുകൾ) പൊതുതിരഞ്ഞെടുപ്പ് നടക്കുകയും ഷെയ്ഖ്  മുജീബുർ റഹ്‌മാന്റെ നേതൃത്വത്തിലുള്ള അവാമി ലീഗ് 161 സീറ്റുകൾ നേടി ഭൂരിപക്ഷം തെളിയിക്കുകയും ചെയ്തു. സുൾഫിക്കർ അലി ഭൂട്ടോ നേതൃത്വം വഹിക്കുന്ന പാകിസ്ഥാൻ പീപ്പിൾസ് പാർട്ടി 80 സീറ്റുകൾ മാത്രമേ നേടിയുള്ളൂ. എന്നാൽ ഭൂട്ടോ സൈന്യവുമായി രഹസ്യധാരണയിലെത്തുകയും മുജീബുർ റഹ്‌മാൻ നേടിയ ഭൂരിപക്ഷത്തെ മറികടന്ന് അധികാരം പിടിച്ചെടുക്കാൻ നീക്കമാരംഭിക്കുകയും ചെയ്തു. ഇതിൽ പ്രതിഷേധിച്ച്  കിഴക്കൻ പാകിസ്ഥാനിൽ വൻ ജനകീയ പ്രക്ഷോഭങ്ങൾ നടക്കുകയും തുടർന്ന്  അവിടെ പട്ടാളനിയമം  പ്രഖ്യാപിക്കുകയും ചെയ്തു. പടിഞ്ഞാറുള്ള  പഞ്ചാബിൽ നിന്നും സിന്ധിൽ നിന്നുമുള്ള ഉന്നതരുടെ കൈയിലായിരുന്നു എന്നും അധികാരം എന്നതിനാൽ കിഴക്കുള്ള ബംഗാളി സംസാരിക്കുന്ന പ്രദേശം എന്നും  അസ്വസ്ഥതയിലായിരുന്നു. കിഴക്കൻ പാകിസ്ഥാൻ സാമ്പത്തികമായി ശോഷിക്കുകയും രാഷ്ട്രീയമായി അടിച്ചമർത്തപ്പെടുകയും ചെയ്തിരുന്നു.

പാകിസ്ഥാൻ ഉറുദു ദേശീയഭാഷയായി പ്രഖ്യാപിച്ചു. അതാകട്ടെ ബംഗ്ലാദേശിലെ ഭൂരിപക്ഷ ഭാഷയായിരുന്നില്ല. പ്രക്ഷോഭങ്ങൾ പൊട്ടിപ്പുറപ്പെട്ടതോടെ സർവ്വസജ്ജമായ സൈന്യം ജനവാസകേന്ദ്രങ്ങളിലേക്ക് ഇരച്ചുകയറി  ബുദ്ധിജീവികളെയും പ്രക്ഷോഭകാരികളെയും വധിക്കുകയും തടവിലാക്കുകയും സ്ത്രീകളെ ബലാത്കാരത്തിനിരയാക്കുകയും തുടങ്ങി ഒട്ടനവധി ക്രൂരകൃത്യങ്ങൾ നടത്തുകയും ചെയ്തു. ജനക്കൂട്ടം ഇന്ത്യൻ അതിർത്തിയിലേക്ക് പലായനം ചെയ്തു.

ബംഗ്ലാദേശ് പാകിസ്ഥാനിൽ നിന്നും ഒഴിയുകയാണെന്ന്  അവാമി ലീഗ്  പ്രഖ്യാപിച്ചു. മുക്തിബാഹിനി എന്ന പേരിൽ അവർ സ്വാതന്ത്രരാജ്യത്തിനായി പ്രവർത്തനമാരംഭിച്ചു. പാകിസ്ഥാന്  അമേരിക്കയുടെയും ചൈനയുടെയും ഭാഗത്തുനിന്നും കനത്ത പിന്തുണയാണുണ്ടായിരുന്നത്. 1971 ജനുവരി 24-25 ന് മുജീബുർ റഹ്‌മാൻ അറസ്റ്റ് ചെയ്യപ്പെടുകയും റാവൽപിണ്ടി ജയിലിലേക്ക് അയക്കപ്പെടുകയും ചെയ്തു. മാർച്ച് 27-ന് ചിറ്റഗോംഗിലെ “സ്വാധീൻ ബംഗ്ലാ ബേതാർ കേന്ദ്ര” റേഡിയോയിൽ കൂടി അന്ന് മുജീബിന്റെ അനുകൂലിയായിരുന്ന  മേജർ സിയാവുർ -റഹ്‌മാൻ സ്വതന്ത്ര ബംഗ്ലാദേശ് പ്രഖ്യാപിച്ചു. ഈ സ്റ്റേഷൻ പിന്നീട് കൽക്കത്തയിലേക്ക് മാറ്റി.  മാർച്ച് 25-ന് പാകിസ്ഥാൻ സൈന്യം “ഓപ്പറേഷൻ സെർച്ച് ലൈറ്റ്” ആരംഭിച്ചു. ഇത് തദ്ദേശീയ ജനതയുടെ മേൽ അഴിച്ചുവിട്ട തുറന്ന അക്രമമായിരുന്നു. ഇന്ത്യൻ സൈന്യം മുക്തിബാഹിനിക്ക് അനൗദ്യോഗികമായ പരിശീലനം നൽകാൻ ആരംഭിക്കുകയും മെയ് മാസത്തോടുകൂടി  സഖ്യത്തിൽ ഏർപ്പെടുകയും ചെയ്തു.

ഈ സമയം ബിജെപിയുടെ മുൻഗാമിയായ ജനസംഘം ബംഗ്ലാദേശിനെ അംഗീകരിക്കാനും ഉടനെ അവരുടെ  സൈന്യത്തിന് പിന്തുണ കൊടുക്കാനും സർക്കാരിനോട് ആവശ്യപ്പെട്ടു . പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഇക്കാര്യത്തിലെ മറ്റൊരു അപകടം മനസ്സിലാക്കിയതു മൂലം  പെട്ടെന്നൊരു തീരുമാനമെടുത്തില്ല. പാകിസ്ഥാൻ ഒരു സ്വതന്ത്ര അംഗമായ യുഎന്നിൽ അവരെ പിന്തുണയ്ക്കുന്ന അമേരിക്ക ഇക്കാര്യത്തിൽ നേരിട്ട് ഇടപെടുകയും ചെയ്തു.  അങ്ങനെ ഷെയ്ഖ് മുജീബുർ റഹ്‌മാൻ രാജ്യദ്രോഹക്കുറ്റത്തിന് ശിക്ഷിക്കപ്പെടാനുമുള്ള സാദ്ധ്യതയാണ് ശ്രീമതി ഇന്ദിരാഗാന്ധി മുന്നിൽ കണ്ടത്. അല്ലാത്തപക്ഷം ആഭ്യന്തരമായ സമരത്തിന്റെ നേതൃത്വം  മാത്രമേ മുജീബിന്റെ പേരിൽ ചുമത്താൻ വകുപ്പുണ്ടായിരുന്നുള്ളൂ.

ബംഗ്ളാദേശ് അഭയാർത്ഥികളുടെ ഒഴുക്കു മൂലം ഇന്ത്യക്ക് സമ്മർദ്ദമേറി. ദൗത്യങ്ങൾ ഏറ്റെടുക്കും മുമ്പ് കുറെയേറെ തയ്യാറെടുപ്പുകൾ ഇന്ത്യക്കാവശ്യമാണെന്ന് ആർമി തലവൻ ചീഫ് ജനറൽ മനേക്ഷാ പ്രസ്താവിച്ചു. അമേരിക്ക പാകിസ്ഥാനു നൽകി കൊണ്ടിരിക്കുന്ന പിന്തുണയെ നിർവീര്യമാക്കുന്നതിന് ആഗോള പിന്തുണ ആവശ്യമാണെന്ന് മനസ്സിലാക്കിയ ഇന്ദിരാ ഗാന്ധി തുടർച്ചയായ വിദേശപര്യടനങ്ങൾ ആരംഭിച്ചു. അതിന്റെ പ്രധാന നേട്ടം ആവശ്യമായ ഘട്ടങ്ങളിൽ സൈനികമായി ഇന്ത്യയെ സഹായിക്കാമെന്ന ഒരു കരാർ സോവിയറ്റ് യൂണിയനുമായി നേടിയെടുത്തു എന്നതാണ്.

സോവിയറ്റ് യൂണിയനുമായുള്ള ഈ സൗഹൃദത്തെ  ജനസംഘം എതിർത്തു. ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യത്തെ തട്ടിയെടുക്കുകയാണ് ഇതിന്റെ ഉദ്ദേശ്യമെന്നത്രെ അവരതിനെ വ്യാഖ്യാനിച്ചത്.  സോവ്യറ്റ് യൂണിയനുമായുള്ള സഖ്യം ഉപേക്ഷിക്കണമെന്നും സ്വന്തം നിലയിൽ സൈനികനീക്കം ഉടനെ ആരംഭിക്കണമെന്നും  ആവശ്യപ്പെട്ട് ഓഗസ്റ്റ് 1 മുതൽ 11 വരെ സമരം ചെയ്തു.  12-ാം തിയതി പാർലമെന്റിനു മുന്നിൽ നടന്ന റാലിയിൽ ഇന്ദിരാഗാന്ധി ബംഗ്ലാദേശിനെതിരെ സോവിയറ്റ് യൂണിയനുമായി ഗൂഢാലോചന നടത്തുകയാണെന്നും അത് ബംഗ്ലാദേശിന് പുതിയ രാജ്യം സ്ഥാപിക്കാൻ അനുവദിക്കാതിരിക്കുന്നതാണെന്നും  അടൽ ബിഹാരി വാജ്‌പേയി ആരോപിച്ചു. ഈ സത്യാഗ്രഹത്തിലാണ് മോദി പങ്കെടുത്തു എന്നവകാശപ്പെട്ടത്. അവിടെ നിന്നും സത്യാഗ്രഹികളെ അറസ്റ്റു ചെയ്തിട്ടുണ്ടോ  തിഹാർ ജയിലിൽ വിട്ടിട്ടുണ്ടോ എന്നതിനൊന്നും  രേഖയില്ല താനും. “സംഘർഷ് മാ ഗുജറാത്ത്” എന്ന തന്റെ പുസ്തകത്തിൽ 1975 -ലെ അടിയന്തരാവസ്ഥക്കാലത്ത് താൻ സത്യാഗ്രഹമനുഷ്ഠിക്കുകയും ജയിലിൽ പോകുകയും ചെയ്തതായി മോദി പറയുന്നുണ്ട് എന്നാൽ 1971 -ലെ മേൽപ്പറഞ്ഞ സംഭവത്തെ കുറിച്ച് ഒരു സൂചനയുമില്ല. ബംഗ്ളാദേശിൽ പോയി പ്രസംഗിച്ചതല്ലാതെ !

ഇന്ത്യൻ സൈന്യം ഡിസംബർ 3-ന് യുദ്ധമാരംഭിക്കുകയും ആഴ്ചകൾക്കുള്ളിൽ തന്നെ ഓഫീസർമാരടക്കം 85,000 ത്തോളം സൈനികരെ തടവിലാക്കുകയും ചെയ്തു. പ്രതീക്ഷിച്ചതിലും വേഗത്തിൽ സ്വതന്ത്രമാകാനും അംഗീകാരം നേടിയെടുക്കാനും ഇതുമൂലം ബംഗ്ലാദേശിനു കഴിഞ്ഞു. ഇന്ദിരാഗാന്ധിയുടെ ബുദ്ധിയിൽ തെളിഞ്ഞ മാർഗ്ഗമാണ് ധാക്കയിലെ അമേരിക്കൻ പൗരന്മാർക്കു വേണ്ടി എന്ന നാട്യത്തിൽ പാകിസ്ഥാൻ സൈന്യത്തെ സഹായിക്കാനെത്തിയ  യുഎസ് കപ്പൽപ്പടയുടെ 7 -ാം ഫ്‌ളീറ്റിന്  ഒന്നും ചെയ്യാൻ കഴിയാത്തവണ്ണം സോവിയറ്റ് കപ്പലുകളെ ബംഗ്ളാ കടലിൽ നിരത്താൻ കഴിഞ്ഞത്. ഇത് ഇന്ത്യൻ സൈന്യത്തിന് ഫലപ്രദമായി പ്രവർത്തിക്കാനും ബംഗ്ലാദേശിനെ സ്വതന്ത്രമാക്കാനും സഹായിച്ചു.

ബംഗ്ളാദേശിന്റെ സ്വാതന്ത്ര്യം ആദ്യം തെളിയിക്കുന്നത് മതവാദത്തിന് രാഷ്ട്രസൃഷ്ടി അവകാശപ്പെടാൻ കഴിയുമെന്ന ദ്വിരാഷ്ട്ര വാദമാണ്. ഇത് ഇന്ത്യയിലെ ഹിന്ദു-മുസ്ലിം മതരാഷ്ട്രീയ നേതൃത്വം ഏറ്റെടുത്ത ആശയവുമാണ്. ഹിന്ദുരാഷ്ട്രവാദത്തിന്റെ പിതാവായ സവർക്കറാണ് ഇതവതരിപ്പിച്ചതെങ്കിലും ഇരുഭാഗത്തും ഒരുപോലെ പ്രവർത്തിച്ച ഒന്നാണ് മതരാഷ്ട്രവാദം. ഭിന്നിപ്പിച്ചു ഭരിക്കുക എന്ന ബ്രിട്ടീഷ് തന്ത്രം ഫലപ്രദമായി അവർക്ക് പ്രയോഗിക്കാൻ കഴിഞ്ഞതും രാജ്യത്തെ വിഭജിച്ചു പോകാൻ സാധിച്ചതും ഈ ചിന്താഗതിയെ പ്രയോജനപ്പെടുത്താൻ കഴിഞ്ഞതു മൂലമാണ്.

ബംഗ്ലാദേശ് രൂപീകരണത്തിനു ശേഷം അവാമി ലീഗ് മതേതരരീതി കൈക്കൊണ്ടു. എന്നാൽ മറുഭാഗത്ത് ഒരു   മതതീവ്ര വിഭാഗത്തിന്റെ സാന്നിദ്ധ്യം വളരെയധികം തലവേദന ഭരണകൂടത്തിന് സമ്മാനിച്ചിട്ടുണ്ട്.  മോദിയുടെ ബംഗ്ലാദേശ്  സന്ദർശനത്തിനിടയിലുണ്ടായ പ്രതിഷേധ പ്രകടനങ്ങൾക്കു നേരെയുണ്ടായ  പൊലീസ് നടപടികളിൽ പത്തുപേർ വധിക്കപ്പെട്ടു. ആ പ്രക്ഷോഭകാരികൾക്ക് രണ്ടു തലങ്ങളുണ്ടായിരുന്നു. ഒന്ന് ഇന്ത്യയിലെ മുസ്ലിം വിരുദ്ധരാഷ്ട്രീയത്തോടുള്ള കടുത്ത പ്രതിഷേധം. ബാബറി മസ്ജിദ് തകർക്കപ്പെട്ടപ്പോൾ അവിടങ്ങളിലുണ്ടായ പ്രതിഷേധം ഇവിടെ സ്മരണീയമാണ്. മുസ്ലിം വിരുദ്ധ വാചാടോപങ്ങളും പ്രവൃത്തികളും  ഇരു രാഷ്ട്രങ്ങളിലും ഭൂരിപക്ഷ സമുദായങ്ങളുടെ തുടർചെയ്തികൾക്ക് കാരണമായിട്ടുണ്ട്. രണ്ടാമത്തേതാകട്ടെ  തങ്ങളെ ചിതലുകളായും  നുഴഞ്ഞുകയറ്റക്കാരായും എപ്പോഴും ചിത്രീകരിക്കുന്ന  മോദിയുടെയും അദ്ദേഹത്തിന്റെ പാർട്ടിയുടെയും അധീശത്വപരമായ നയങ്ങൾക്കെതിരെ ഇടതുപക്ഷ- ജനാധിപത്യ ഘടകങ്ങളുടെ ഭാഗത്തു നിന്നുമുള്ളതാണ്.

ഇന്ത്യയിലെ  പൗരത്വ നിയമഭേദഗതിക്കെതിരെ ബംഗ്ളാദേശിൽ നടന്ന പ്രതിഷേധങ്ങൾ ഓർക്കുക. ആ ബില്ലിൽ ബംഗ്ളാദേശികൾ പ്രധാന ഉന്നമായിരുന്നു. 50 ലക്ഷം ബംഗ്ളാദേശികൾ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറി എന്ന വ്യാജവാർത്തയാണ് ആദ്യം പ്രചരിക്കപ്പെട്ടത്, എന്നാലത് 19.5 ലക്ഷമാണെന്നും അതിൽത്തന്നെ 12 ലക്ഷവും ഹിന്ദുക്കളായിരുന്നു എന്നതുമാണ് മറ്റൊരു വസ്തുത.

ഇന്ത്യയുടെയും ബംഗ്ലാദേശിന്റെയും രാഷ്ട്രീയഗോദകളിൽ മതേതരകക്ഷികളും വർഗീയകക്ഷികളുമുണ്ട്. ഒരു പരിധി വരെ ഇന്ത്യ അതിന്റെ നയങ്ങളിലൂടെ ആറു പതിറ്റാണ്ടുകൾ കൊണ്ട്  മതേതരത്വത്തിലേക്കാണ് ചുവടുവെച്ചിരുന്നത്. പക്ഷെ  ഇപ്പോഴതിന്റെ സാമൂഹികാവസ്ഥ സാമ്പത്തികത്തകർച്ചയിലേക്കും  തൊഴിലില്ലായ്മയിലേക്കും കൂപ്പുകുത്തുകയും  രാമക്ഷേത്രം, മാട്ടിറച്ചി, ലവ് ജിഹാദ്ഒക്കെ പ്രധാന പ്രശ്നങ്ങളായി മാറുകയും ചെയ്തിരിക്കുന്നു.

മതപ്രഖ്യാപിത രാജ്യമാണെങ്കിലും താരതമ്യേന പ്രായം കുറവായ ബംഗ്ലാദേശ് മെച്ചപ്പെട്ട സാമ്പത്തിക- സാമൂഹികാവസ്ഥയിലേക്ക് കുതിക്കുന്നുണ്ട്. ഇന്ത്യയിൽ കഴിഞ്ഞ പതിറ്റാണ്ടുകളിൽ സംഭവിച്ചിട്ടുള്ളതിനെ അപേക്ഷിച്ചു നോക്കിയാൽ   വർഗീയപ്രശ്നങ്ങളും അവർക്ക് കുറവാണ്. അവരുടെ ഹാപ്പിനെസ് ഇൻഡക്‌സും (ബംഗ്ലാദേശ് 66, ഇന്ത്യ 144 )   ആരോഗ്യസൂചികയും മറ്റു മാനദണ്ഡങ്ങളും ഉയർന്നു വരുമ്പോൾ നമുക്ക്  അവരിൽ നിന്നാണ് പാഠം പഠിക്കാനുള്ളത്.

സ്വതന്ത്ര വിവർത്തനം: സാലിഹ് റാവുത്തർ