ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിംഗ് അവാർഡിന് അപേക്ഷ ക്ഷണിച്ചു; ഒന്നാം സമ്മാനം 250,000 യുഎസ് ഡോളർ

ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിംഗ് അവാർഡിന് അപേക്ഷ ക്ഷണിച്ചു. സ്തുത്യർഹമായ സേവനം നടത്തുന്ന ലോകമെമ്പാടുമുള്ള നഴ്‌സുമാർക്ക് അവാർഡിനായി www.asterguardians.com എന്ന വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. 2022 ജനുവരി 30 ആണ് നോമിനേഷൻ സ്വീകരിക്കുന്ന അവസാന തീയതി.

ലഭ്യമായ അപേക്ഷകൾ വിവിധ രംഗങ്ങളിലെ വിദഗ്ധരായവർ ഉൾക്കൊള്ളുന്ന പാനൽ മൂല്യനിർണയം നടത്തിയാണ് തിരഞ്ഞെടുപ്പ് നടക്കുക. ഫൈനൽ റൗണ്ടിലെത്തുന്നർക്ക് ജൂറിയുമായി മുഖാമുഖമുള്ള അഭിമുഖവും ആശയസംവേദനവും നടത്താനുള്ള അവസരവും ലഭ്യമാകും. ഇതു കൂടി പരിഗണിച്ചായിരിക്കും അന്തിമ ഫലപ്രഖ്യാപനം. ലോക നഴ്‌സസ് ദിനമായ 2022 മെയ് 12-ാം തീയതി ദുബായിൽ നടക്കുന്ന ചടങ്ങിൽ വെച്ച് അവാർഡ് വിതരണം ചെയ്യും. 250,000 യുഎസ് ഡോളറാണ് ഒന്നാം സമ്മാനം. അതിന് പുറമേ, 9 ഫൈനലിസ്റ്റുകൾക്ക് ക്യാഷ് പ്രൈസും അവാർഡുകളും നൽകും.

ആതുര സേവന മേഖലയിൽ അർഹതപ്പെട്ട അംഗീകാരം ലഭിക്കാതെ പോകുന്ന നായകരാണ് നഴ്‌സുമാരെന്നും അവരുടെ ത്യാഗങ്ങളും പ്രതിബദ്ധതയും വെളിച്ചത്ത് കൊണ്ടുവരാനും ആഗോളതലത്തിൽ അവരെ പ്രോത്സാഹിപ്പിക്കാനുമാണ് ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിംഗ് അവാർഡ് ലക്ഷ്യമിടുന്നതെന്ന് ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ സ്ഥാപന ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പൻ പറഞ്ഞു.