മ്യാന്മർ സൈന്യവുമായി കച്ചവടം. അദാനി ഗ്രൂപ്പിനെ S&P 500  ഇൻഡക്സിൽ നിന്നും പുറത്താക്കി 

ഡോവ് & ജോൺസ് കമ്പനി നിയന്ത്രിക്കുന്ന ലോകത്തിലെ പ്രമുഖ സ്റ്റോക്ക് മാർക്കറ്റിംഗ് ഇൻഡക്സ്  ആയ S&P 500 ന്റെ പട്ടികയിൽ നിന്നും അദാനി ഗ്രൂപ്പിനെ പുറത്താക്കി. മനുഷ്യാവകാശ ധ്വംസനത്തിന് കുപ്രസിദ്ധികേട്ട മ്യാന്മർ സൈന്യവുമായുള്ള  വ്യാപാരം നിലനിർത്തുന്നതിനെ   തുടർന്നാണ് നടപടി. ഇപ്പോൾ 290 മില്യൺ ഡോളർ (2.5 ലക്ഷം കോടിരൂപ )  മുടക്കി മ്യാന്മർ തലസ്ഥാനമായ റംഗൂണിൽ തുറമുഖം പടുത്തുയർത്തുന്ന അദാനിക്ക് ഇത് കനത്ത ആഘാതമായിരിക്കും. റോഹിംഗ്യകളെ പരമാവധി ദ്രോഹിക്കാനും  കൂട്ടക്കൊല ചെയ്യാനും സൈന്യത്തെ സഹായിക്കുന്നത് അദാനിയുടെ പണമാണെന്ന് ആസ്ട്രേലിയൻ മനുഷ്യാവകാശ പ്രവർത്തകർ 2019 -ൽ ലോകത്തോട് വിളിച്ചുപറഞ്ഞിരുന്നു.

കഴിഞ്ഞ ഫെബ്രുവരി 1 -ന് നടന്ന സൈനിക അട്ടിമറിയെത്തുടർന്നുണ്ടായ കലാപത്തിൽ 700 ആളുകൾ മരിച്ചിരുന്നു. അഞ്ചുകൊല്ലത്തെ ജനാധിപത്യ ഭരണത്തിനുശേഷം വീണ്ടും വീണ്ടും പട്ടാളം ഭരണം പിടിച്ചെടുത്തതിൽ ജനങ്ങൾ പരിഭ്രാന്തിയിലാണ്. റോഹിംഗ്യൻ ജനതയോട് പട്ടാളം കാട്ടിയിട്ടുള്ള ഒട്ടനവധി  ക്രൂരതകളും അതിനോട് പ്രതികരിക്കാനുള്ള ശേഷിയില്ലാത്ത ഓങ് സാൻ സൂചി എന്ന ഭരണാധികാരിയെയുമാണ് കഴിഞ്ഞ കൊല്ലങ്ങളിൽ ലോകം കണ്ടത്. 25 ശതമാനം പട്ടാളമെമ്പർമാരുള്ള പാർലമെന്റിൽ സ്റ്റെയ്റ്റ് കൗണ്സിലറുടെ ( പ്രധാനമന്ത്രിക്ക് തുല്യമായ സ്ഥാനം) അധികാരം എപ്പോൾ വേണമെങ്കിലും തെറിക്കാവുന്നതാണ്.

പട്ടാള അട്ടിമറിയെത്തുടർന്ന് അമേരിക്കയും ബ്രിട്ടണും മ്യാന്മർ സൈന്യത്തിന്റെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളായ  മ്യാന്മർ ഇക്കണോമിക് കോർപ്പറേഷൻ (MEC) നെയും  മ്യാന്മർ ഇക്കണോമിക് ഹോൾഡിങ് കമ്പനി ലിമിറ്റഡ് (MEHL) നെയും ബഹിഷ്കരിച്ചിരുന്നു. ഇത് മ്യാന്മറിൽ നടക്കുന്ന മനുഷ്യത്വഹീനതക്കും  അടിച്ചമർത്തലിനും സൈനീകഗവണ്മെന്റ് ഉത്തരവാദി ആയതിനാലാണെന്ന് യു എസ്സ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ പ്രസ്താവിച്ചിരുന്നു.

” സൈന്യത്തിന്റ ക്രൂരതകളെ കണ്ടില്ലെന്നു നടിച്ച അദാനി ഗ്രൂപ്പ് ഇനി സാമ്പത്തിക തിരിച്ചടികളെ നേരിടും.”  മ്യാന്മർ ആക്ടിവിസ്റ്റ് ഗ്രൂപ്പുകളുടെ പ്രതിനിധിയായ യദാനാർ മൗങ് പറഞ്ഞു.  പട്ടാളം അധികാരം പിടിച്ചെടുത്തതിനുശേഷം 40 % വരെ വില ഉയർന്ന അവരുടെ ഓഹരികൾ  ഇനി കൂപ്പുകുത്താനുള്ള സാദ്ധ്യതയാണ് കാണുന്നത്. പല അന്താരാഷ്ട്ര കമ്പനികളും ഇതോടെ മ്യാന്മർ സൈന്യവുമായുള്ള ബന്ധം പുനഃപരിശോധിക്കുകയാണ്.

ജാപ്പനീസ് ബ്രൂവറിയായ   കിരിൻ ഹോൾഡിങ്‌സ് ഫെബ്രുവരിയിൽത്തന്നെ  MHEL നുള്ള  ബിയർ സപ്ലൈ നിർത്തിയിരുന്നു. സൗത്ത് കൊറിയൻ സ്റ്റീൽ കമ്പനിയായ പോസ്കോ ആകട്ടെ MHEL മായി നേരത്തെ തുടങ്ങിപ്പോയ  സംയുതസംരംഭത്തിന്റെ ഭാവിയെക്കുറിച്ചുള്ള ആശങ്കയിലുമാണ്. ഈ അവസ്ഥ ഉണ്ടായിരുന്നിട്ടുപോലും കിരാതഭരണം നടത്തുന്ന സൈന്യത്തിന്റെ തണലിൽ  റംഗൂണിൽ ശതകോടികൾ മുടക്കി  ലാഭം കൊയ്യാമെന്ന അദാനിയുടെ പ്രതീക്ഷകളിന്മേലാണ് കരിനിഴൽ വീഴുന്നത്.