എറണാകുളം ജില്ലയ്ക്ക് സ്നേഹപൂർവ്വം : മുൻ കളക്‌ടർ സുഹാസിന്റെ കത്ത്

പ്രിയപെട്ടവരെ ,

കർണാടക സ്വദേശിയായ ഞാൻ മലയാളി ആയി മാറിയത് 2013ൽ അസിസ്റ്റന്റ് കളക്ടറായി എറണാകുളത്തുനിന്ന് ഔദ്യോകികജീവിതം ആരംഭിച്ചപ്പോളാണ് . അന്നുമുതൽ എറണാകുളത്തോടുള്ള എന്റെ സ്നേഹത്തിന്റെ പ്രതിഫലനം എന്നോണം ഞാൻ ഇവിടെത്തന്നെ സബ് കളക്ടർ ആയി, അതിനു ശേഷം കുറച്ചു നാൾ തിരുവന്തപുരത്തു പല വകുപ്പുകളിലായി ജോലി ചെയ്ത ശേഷം ജില്ലാ കളക്ടർ ആയി വയനാട്ടിലും ആലപ്പുഴയിലും ഓരോ വർഷം, വീണ്ടും നിയോഗം പോലെ എറണാകുളത്തേക്കു നിങ്ങളുടെ കളക്ടർ ആയി. കഴിഞ്ഞ കാലങ്ങളിൽ ഒക്കെയും നിങ്ങളെ സേവിക്കുവാൻ കഴിഞ്ഞത് ഒരു ഭാഗ്യം തന്നെയായി ഞാൻ കരുതുന്നു.

തിരക്കുകൾ മൂലം മറുപടികൾ പലപ്പോഴും അയക്കുവാൻ സാധിച്ചില്ലെങ്കിലും നിങ്ങൾ മുഖപുസ്തകത്തിലൂടെ അറിയിച്ച – ശ്രദ്ധയിൽ പെടുത്തിയ കാര്യങ്ങളിൽ പരിഹാരം കാണുവാൻ പരമാവധി ശ്രമിച്ചിട്ടുണ്ട് .

വായനാട്ടുകാർ നൽകിയ സ്നേഹത്തിന്റെ പരിലാളനയിൽ നിന്നും തിരക്കിട്ട 2018 വെള്ളപൊക്കം നേരിടാൻ തുടങ്ങിയ ആലപ്പുഴയുടെ ദിവസങ്ങളിലേക്കു പെട്ടന്നാണ് ചുമതല എടുത്തു മാറിയതും ദിവസങ്ങൾ കൊണ്ട് ആലപ്പുഴക്കാരുടെ ഒരു കൂടെപ്പിറപ്പായി മാറുവാൻ സാധിച്ചതും ഈ അവസരത്തിൽ നന്ദിയോടെ സ്മരിക്കുന്നു . വയനാട്ടിൽ നിന്നും ആലപ്പുഴയിൽ നിന്നും ലഭിച്ച അനുഭവ സമ്പത്തും സ്നേഹവുമായി എറണാകുളത്തു 2019 ജൂൺ 20നു ചുമതല ഏറ്റെടുത്തപ്പോൾ മുതൽ നിങ്ങൾ നൽകിയ സ്നേഹവും , അർപ്പിച്ച വിശ്വാസവും പൂർണ ഉത്തരവാദിത്വത്തോടെ ഏറ്റെടുത്തു പ്രവർത്തിക്കാൻ പരമാവധി ശ്രമിച്ചിട്ടുണ്ട് .

ബഹു . സർക്കാർ എന്നിൽ വിശ്വാസം ഏല്പിച്ചു നൽകിയ ചുമതല പൂർണമനസോടെ ഉത്തരവാദിത്വത്തോടെയും വിശ്വാസത്തോടെയും ഇന്ന് വരെ ചെയ്തിട്ടുണ്ട് , അത് നാളെയും തുടരും.

എന്റെ പ്രവർത്തനങ്ങളുടെ വിജയം എന്റെ മാത്രം വിജയമായി ഞാൻ ഒരിക്കലും കണ്ടിട്ടില്ല , മറിച്ചു തോളോട് തോൾ ചേർന്ന് എന്റെ ഒപ്പം പ്രവർത്തിച്ച ജില്ലയിലെ വിവിധ വകുപ്പ് ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കും
കക്ഷി രാഷ്രീയഭേദമില്ലാതെ പ്രവർത്തിച്ച ജനപ്രതിനിധികൾക്കും പ്രത്യേക അഭിനന്ദനങ്ങൾ – നന്ദി .

എന്റെ പിൻഗാമിയായി ഇന്ന് ചുമതല ഏൽക്കുന്ന ശ്രീ. ജാഫർ മാലിക്കിനും തുടർന്നും എല്ലാ പിന്തുണയും നൽകണമേയെന്നും വിനീതമായി അഭ്യർത്ഥിക്കുന്നു.

നിങ്ങളുടെ സ്നേഹത്തിനും പിന്തുണക്കും മറുപടിയായി രണ്ടു വാക്കു മാത്രം “നന്ദി ” ” സ്നേഹം “.

ഇതൊക്കെയാണെങ്കിലും ഒരു കാര്യം മറക്കണ്ട…കൊറോണയിൽ നിന്നും നാട് പൂർണമായി മുക്തമാകുന്നതുവരെ ,തുടർന്നും SMS ( Sanitise Mask Social Distance )

നിങ്ങളുടെ സ്വന്തം
സുഹാസ്