ഗര്‍ഭിണികള്‍ക്ക് 5000 രൂപ സര്‍ക്കാര്‍ സഹായം

ഗര്‍ഭകാലംമുതല്‍ മുലയൂട്ടല്‍ കാലയളവ് വരെ സ്ത്രീകള്‍ക്ക് സര്‍ക്കാരിന്റെ സാമ്പത്തികസഹായം. മൂന്നു ഘട്ടമായി 5000 രൂപ സാമ്പത്തികസഹായം നല്‍കുന്ന മെറ്റേണിറ്റി ബെനിഫിറ്റ് പ്രോഗ്രാം സംസ്ഥാനത്ത് ഉടന്‍ നടപ്പാക്കും. ഗര്‍ഭകാലത്ത്ജോലിചെയ്യാന്‍ കഴിയാത്തതിനാലുണ്ടാകുന്ന വരുമാന നഷ്ടം നികത്തി ആശ്വാസം പകരുന്നതിനൊപ്പം ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്നതിനുമാണ് സംസ്ഥാന വനിത-ശിശുസംരക്ഷണ വകുപ്പ് പദ്ധതി നടപ്പാക്കുന്നത്. ആദ്യ പ്രസവ കാലയളവില്‍ മാത്രമേ സഹായം ലഭിക്കൂ. കേന്ദ്ര, സംസ്ഥാന, അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് പദ്ധതി ബാധകമല്ല.

ഗര്‍ഭകാലചികിത്സകളും പരിശോധനകളും ഗര്‍ഭിണി സ്വീകരിക്കുന്നുവെന്ന് ഉറപ്പാക്കുക,രോഗപ്രതിരോധ വാക്സിനേഷന്‍ ഉള്‍പ്പെടെ കുഞ്ഞിന് നല്‍കിയതായി ഉറപ്പാക്കുക, മുലയൂട്ടല്‍ പ്രോത്സാഹിപ്പിക്കുക എന്നിവയാണ് മറ്റുലക്ഷ്യങ്ങള്‍. ഒരോ ഘട്ടത്തിലും ചികിത്സ, പ്രതിരോധചികിത്സ എന്നിവ ഉറപ്പാക്കുന്ന പരിശോധനയ്ക്ക് ശേഷമാകും തുക ലഭ്യമാക്കുക. ഗര്‍ഭം ധരിക്കുന്ന ആദ്യ കാലയളവില്‍ ആദ്യ ഗഡു 1000 രൂപ നല്‍കും. പിന്നീടുള്ള ആറു മാസകാലയളവിലാണ് രണ്ടാംഘട്ട സഹായം (2000 രൂപ). മുലയൂട്ടല്‍ ഘട്ടത്തില്‍ മൂന്നാം ഗഡുവായി 2000 രൂപയും ലഭിക്കും.

അങ്കണവാടികള്‍ കേന്ദ്രീകരിച്ചാകും പദ്ധതി നടപ്പാക്കുക. ഗര്‍ഭിണിയുടെ സമഗ്ര വിവരത്തോടൊപ്പം ബാങ്ക് അക്കൌണ്ട് നമ്പര്‍, ആധാര്‍ നമ്പര്‍, ഫോണ്‍ നമ്പര്‍ എന്നിവ ശേഖരിക്കും. ഗര്‍ഭിണിയുടെ അക്കൌണ്ടില്‍ തുക ലഭ്യമാക്കും.

കേന്ദ്ര-സംസ്ഥാന വിഹിതത്തോടെ ആവിഷ്കരിച്ച “മാതൃവന്ദന യോജന” പദ്ധതിയിലൂടെ ജനുവരിയോടെ സഹായം ലഭ്യമാക്കാനാണ് ആലോചന. പദ്ധതിയുടെ 60 ശതമാനം കേന്ദ്രവിഹിതവും 40 ശതമാനം സംസ്ഥാനവിഹിതവുമാണ്.