എന്താണിത്, മുന്നറിയിപ്പ് നല്‍കണ്ടേ; ഭ്രൂണം ഭക്ഷിക്കുന്ന ദൃശ്യം; അനുരാഗ് കശ്യപിന്റെ 'ഗോസ്റ്റ് സ്‌റ്റോറീസി'ന് എതിരെ നെറ്റ്ഫ്‌ളിക്‌സിന് പരാതി

അനുരാഗ് കശ്യപിന്റെ ചിത്രം ഗോസ്റ്റ് സ്‌റ്റോറീസിനെതിരെ പരാതി. ശോഭിത ധൂളിപാലയാണ് ചിത്രത്തിലെ പ്രധാന താരം. ഗര്‍ഭം അലസിയതിന് ശേഷം ആ ഭ്രൂണം ഭക്ഷിക്കുന്ന ചിത്രത്തിലെ ദൃശ്യത്തിനെതിരെയാണ് പരാതി. പുതിയ ഐ.ടി നിയമപ്രകാരം പരാതി രജിസ്റ്റര്‍ ചെയ്തു. പരാതി ലഭിച്ചാല്‍ 24 മണിക്കൂറിനുള്ളില്‍ രജിസ്റ്റര്‍ ചെയ്യണമെന്നാണ് പുതിയ ഐ.ടി നിയമത്തിലെ മാര്‍ഗനിര്‍ദേശം.

ചിത്രത്തിന്റെ കഥക്ക് ഈ സീന്‍ ആവശ്യമില്ല. നിര്‍മാതാക്കള്‍ അത്തരമൊരു സീന്‍ കൂട്ടിച്ചേര്‍ക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഗര്‍ഭം അലസലിന്റെ ആഘാതത്തിലൂടെ കടന്നുപോകുന്ന സ്ത്രീകള്‍ക്ക് ഒരു മുന്നറിയിപ്പ് നല്‍കണം” -പരാതിയില്‍ പറയുന്നു.

തുടങ്ങികഴിഞ്ഞു. നെറ്റ്ഫ്‌ലിക്‌സില്‍ ഗോസ്റ്റ് സ്‌റ്റോറീസിനെതിരെ ഒരു പരാതി ലഭിച്ചു. ഇത് അവസാനമായിരിക്കും” -പരാതി ലഭിച്ചതോടെ ഇന്‍സ്റ്റഗ്രാമില്‍ അനുരാഗ് കശ്യപ് പോസ്റ്റ് ചെയ്തു. എന്നാല്‍, പിന്നീട് സ്‌റ്റോറി പിന്‍വലിക്കുകയും ചെയ്തിട്ടുണ്ട്.

നാലു ഹൊറര്‍ ചിത്രങ്ങളാണ് ഗോസ്റ്റ് സ്‌റ്റോറീസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അനുരാഗ് കശ്യപിനെ കൂടാതെ സോയ അക്തര്‍, ദിബാകര്‍ ബാനര്‍ജി, കരണ്‍ ജോഹര്‍ എന്നിവരുടെ ചിത്രങ്ങളും അതിലുണ്ട്. 2020 ജനുവരി ഒന്നിനാണ് ചിത്രം നെറ്റ്ഫ്‌ലിക്‌സില്‍ റിലീസ് ചെയ്തത്.