ഇതെല്ലാം കണ്ടപ്പോള്‍ മോഹന്‍ലാലിന്റെ മോന്തക്കിട്ട് കൊടുക്കാനാണ് തോന്നിയത്, ശ്രീനിവാസന്‍

തന്റെ സിനിമാജീവിതത്തില്‍ ഉണ്ടായ രസകരമായ സംഭവങ്ങളെ കുറിച്ച് നടന്‍ ശ്രീനിവാസന്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് കൈരളി ടി വിക്ക് നല്‍കിയ അഭിമുഖത്തിലെ ഭാഗങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്.
സിനിമയില്‍ ഡാന്‍സ് എന്നാല്‍ അനാവശ്യമായ ഒന്നായിരുന്നു എന്നാണ് അക്കാലത്തെ ചിന്ത. അന്ന് ഉപേക്ഷിച്ച ഡാന്‍സ് ക്ലാസ്സിന്റെ വില സിനിമയില്‍ എത്തിയപ്പോള്‍ അറിഞ്ഞ സന്ദര്‍ഭമുണ്ടായി്. നാടോടിക്കറ്റിലെ ‘കരകാണാ കടലല മേലെ മോഹപ്പൂ കുരുവി പറന്നെ’ എന്നപാട്ടില്‍ ഡാന്‍സ് ചെയ്യേണ്ടി വന്ന സാഹചര്യമാണ് ധാരണകള്‍ എല്ലാം പൊളിച്ചു കളഞ്ഞത്. അതൊക്കെ ഇപ്പോഴും ഒരു ഞെട്ടലോടെ മാത്രമെ ഓര്‍ക്കാന്‍ പറ്റൂ എന്നാണ് അദ്ദേഹം പറയുന്നത്.

ദാസനും വിജയനും കാണുന്ന സ്വപ്നമായിരുന്നു ആ പാട്ടിലൂടെ അവതരിപ്പിക്കുന്നത്. കടപ്പുറത്ത് മോഹന്‍ലാല്‍ ഉള്‍പ്പെടെ എല്ലാവരും തയ്യാറായിരുന്നു. തന്നെ ഡാന്‍സില്‍ നിന്നും ഒഴിവാക്കണം എന്ന് പറഞ്ഞപ്പോള്‍ സംവിധായകനായ സത്യന്‍ അന്തിക്കാട് അതിന് തയ്യാറായിരുന്നില്ല. ഡാന്‍സ് ചെയ്തെ മതിയാവൂ എന്ന അവസ്ഥ വന്നു. ഭൂമി പിളര്‍ന്ന് താഴേക്ക് പോകുന്നത് പോലെയാണ് അപ്പോള്‍ അനുഭവപ്പെട്ടതെന്നും അദ്ദേഹം പറയുന്നു. സത്യന്‍ അന്തിക്കാടിന്റെ ക്രൂരമുഖമായിരുന്നു അവിടെ കണ്ടത്.

ബീച്ചിലെ ഇരുട്ടില്‍ നിന്ന് ഡാന്‍സ് പ്രാക്ടീസ് ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ ശരീരം ഇരുമ്പ് കമ്പിപോലെ നിന്നതും വല്ലാത്തൊരു ഓര്‍മ്മയാണ്. അതേസമയം മോഹന്‍ലാല്‍ പാല്‍പ്പായസം കുടിക്കുന്നത് പോലെ ഡാന്‍സ് ചെയ്യുന്നത് കണ്ടപ്പോള്‍ രോഷം അടക്കാനായില്ല എന്നും ശ്രീനിവാസന്‍ പറയുന്നു. ഇതെല്ലാം കണ്ടപ്പോള്‍ മോഹന്‍ലാലിന്റെ മോന്തക്കിട്ട് കൊടുക്കാന്‍ തോന്നിയെന്നാണ് രസകരമായി ആ സംഭവത്തെ കുറിച്ച് പറയുന്നത്. ഇന്നും ആ പാട്ട് ടിവിയില്‍ കാണുമ്പോള്‍ ചാനല്‍ മറ്റാറുണ്ട് എന്നും അതൊരു വല്ലാത്ത അനുഭവമായിരുന്നു എന്നുമാണ് ശ്രീനിവാസന്‍ പറയുന്നത്.