ബിഗ് ബോസ് സീസണ്‍ 3-യില്‍ ബോബി ചെമ്മണ്ണൂര്‍ മത്സരാര്‍ത്ഥിയാകുന്നു? പ്രതികരണം

ബിഗ് ബോസ് സീസണ്‍ 3 പ്രഖ്യാപിച്ചത് മുതല്‍ പങ്കെടുക്കാന്‍ സാധ്യതയുള്ള നിരവധി പേരുകളാണ് ഉയര്‍ന്നു കേള്‍ക്കുന്നത്. ബോബി ചെമ്മണ്ണൂരിന്റെ പേരാണ് ഈ ലിസ്റ്റില്‍ ആദ്യം തന്നെ പ്രത്യക്ഷപ്പെട്ടത്. അഭ്യൂഹങ്ങള്‍ക്ക് മറുപടി നല്‍കിയിരിക്കുകയാണ് ബോബി ചെമ്മണ്ണൂര്‍. ബിഗ് ബോസില്‍ താന്‍ മത്സരിക്കുന്നില്ല എന്ന് വ്യക്തമാക്കിയിരിക്കുകയാണ് ബോബി.

റിപ്പോര്‍ട്ടര്‍ ലൈവിനോട് താന്‍ മത്സരിക്കുന്നില്ല കാര്യം ബോബി ചെമ്മണ്ണൂര്‍ പറഞ്ഞിരിക്കുന്നത്. നെയ്യാറ്റിന്‍കര സംഭവത്തെ തുടര്‍ന്ന് ബോബി സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. കഴിഞ്ഞ ദിവസമാണ് ബിഗ് ബോസ് സീസണ്‍ 3 ഉടന്‍ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചത്.

ഇതിന് പിന്നാലെയാണ് ബോബി ചെമ്മണ്ണൂര്‍, രശ്മി നായര്‍, റിമി ടോമി, കനി കുസൃതി, അര്‍ച്ചന കവി, ഗോവിന്ദ് പത്മസൂര്യ, ട്രാന്‍സ്‌ജെന്‍ഡര്‍ സീമ വിനീത് എന്നിവരുടെ പേരുകള്‍ ഉയര്‍ന്നത്. ഇതിനെതിരെ പ്രതികരണവുമായി ഗായിക റിമി ടോമി രംഗത്തെത്തിയിരുന്നു. താന്‍ മത്സരിക്കുന്നില്ല, വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നുമാണ് റിമി വ്യക്തമാക്കിയത്.

സ്റ്റാര്‍ സിംഗര്‍ സീസണ്‍ 8-ന്റെ വേദിയില്‍ ടൊവിനോ തോമസ് ആണ് ബിഗ് ബോസ് മൂന്നാം സീസണിന്റെ ലോഗോ പുറത്തിറക്കിയത്. നിലവില്‍ മത്സരാര്‍ത്ഥികളുടെ തിരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലാണ്. ചെന്നൈ ഇവിപി ഫിലിം സിറ്റിയില്‍ ഒരുക്കിയ സെറ്റിലായിരുന്നു രണ്ടാം സീസണ്‍ ചിത്രീകരിച്ചിരുന്നത്. എന്നാല്‍ കോവിഡിന്റെ പശ്ചാത്തലത്തില്‍ ഷോ പൂര്‍ത്തിയാക്കാനാവാതെ മത്സരാര്‍ത്ഥികളെ തിരിച്ചയക്കുകയായിരുന്നു.