ബിഗ് ബോസ് സീസണ്‍ 6 വരുന്നു, അവതാരകന്‍ കമല്‍ഹാസന്‍

തമിഴ് ബിഗ് ബോസ് സീസണ്‍ 6 വരുന്നു. അവതാരകനായി കമല്‍ഹാസന്‍ തന്നെ പ്രത്യക്ഷപ്പെടുന്ന ബിഗ് ബോസ് പ്രൊമൊ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍.

ബിഗ് ബോസ് തമിഴ് സീസണ്‍ ആറ് വിജയ് ടെലിവിഷനില്‍ ഒക്ടോബര്‍ ഒമ്പത് മുതല്‍ സംപ്രേഷണം ചെയ്യും. ഡിസ്‌നി പ്ലസ് ഹോട്സ്റ്റാറിലും ഷോ സ്ട്രീം ചെയ്യും. സ്‌റ്റൈലിഷ് ലുക്കിലാണ് കമല്‍ഹാസന്‍ ബിഗ് ബോസ് പ്രൊമോയിലുള്ളത് എസ് ഷങ്കറിന്റെ ‘ഇന്ത്യന്‍ 2’ എന്ന ചിത്രത്തിന്റെ തിരക്കുകള്‍ക്കിടയിലാണ് കമല്‍ഹാസന്‍ ബിഗ് ബോസും അവതരിപ്പിക്കുക.

എസ് ഷങ്കറിന്റെ സംവിധാനത്തില്‍ കമല്‍ഹാസന്‍ നായകനായി 1996ല്‍ പ്രദര്‍ശനത്തിന് എത്തിയ സൂപ്പര്‍ ഹിറ്റ് ചിത്രം ‘ഇന്ത്യന്റെ’ രണ്ടാം ഭാഗമാണ് ഇത്. കുറേക്കാലമായി പല കാരണങ്ങളാല്‍ മുടങ്ങിയിരുന്നു ചിത്രത്തിന്റെ ചിത്രീകരണ ജോലികള്‍.

ഇരുന്നൂറ് കോടി രൂപ ബജറ്റില്‍ ഒരുക്കുന്ന ചിത്രത്തില്‍ കാജല്‍ അഗര്‍വാളാണ് നായിക. ‘ഇന്ത്യന്‍ 2’വില്‍ ബോളിവുഡ് താരം വിദ്യുത് ജമാല്‍ വില്ലന്‍ വേഷത്തില്‍ എത്തുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഐശ്വര്യ രാജേഷും പ്രിയ ഭവാനിയും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. രവി വര്‍മ്മ ഛായാഗ്രാഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ സംഘട്ടനം ഒരുക്കുന്നത് പീറ്റര്‍ ഹെയ്‌നാണ്.