നിയമവിരുദ്ധമായി ദത്തെടുക്കല്‍, കുട്ടിയുമായുള്ള വീഡിയോ സോഷ്യല്‍ മീഡിയയില്‍; ബിഗ് ബോസ് താരം അറസ്റ്റില്‍!

നിയമവിരുദ്ധമായി കുട്ടിയെ ദത്തെടുക്കാന്‍ ശ്രമിച്ചതിന് കന്നട മുന്‍ ബിഗ് ബോസ് താരം സോനു ശ്രീനിവാസ് ഗൗഡയെ പൊലീസ് അറസ്റ്റ് ചെയ്തു. വനിതാ ശിശുക്ഷേമസമിതി നല്‍കിയ പരാതിയിലാണ് നടപടി. കോടതിയില്‍ ഹാജരാക്കിയ ഇവരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.

29കാരിയായ സോനു റായ്ച്ചൂരില്‍ നിന്ന് എട്ട് വയസുകാരിയെ ദത്ത് എടുക്കുന്നതില്‍ പ്രോട്ടോക്കോളുകള്‍ പാലിച്ചില്ലെന്ന് ആരോപിച്ച് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ഉദ്യോഗസ്ഥന്‍ ബെംഗളൂരുവിലെ ബ്യാദരഹള്ളി പൊലീസ് സ്റ്റേഷനില്‍ നല്‍കി പരാതിയിലാണ് നടപടി എടുത്തത്.

റായ്ച്ചൂര്‍ സ്വദേശിയായ 7 വയസുകാരിക്കൊപ്പമുള്ള ചിത്രങ്ങളും വീഡിയോകളും സോനു സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. ദത്ത് എടുത്ത കുട്ടിയെ പൊതുവേദിയില്‍ ദത്ത് എടുത്ത കുട്ടി എന്ന നിലയില്‍ കാണിക്കാന്‍ പാടില്ല. എന്നാല്‍ സോനു അത് ലംഘിച്ചു. ദത്ത് എടുക്കുന്ന വ്യക്തിയും കുട്ടിയും തമ്മില്‍ 25 വയസിന്റെ വ്യത്യാസം വേണമെന്ന ചട്ടവും പാലിച്ചിട്ടില്ല.

വ്യാഴാഴ്ചയാണ് സോനുവിനെ അറസ്റ്റ് ചെയ്തത്. സെന്‍ട്രല്‍ അഡോപ്ഷന്‍ റിസോഴ്‌സ് അതോറിറ്റി വഴി ദത്തെടുക്കലിന് ഒരു അപേക്ഷയും സോനു നല്‍കിയിട്ടില്ല എന്നാണ് പരാതി നല്‍കിയ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥയായ ഗീത എസ് മാധ്യമങ്ങളോട് പ്രതികരിച്ചത്.

എന്നാല്‍, കുട്ടിയുടെ നിര്‍ധന മാതാപിതാക്കളുടെ അനുമതിയോടെയാണ് ബെംഗളൂരു മാഗഡി റോഡിലെ അപ്പാര്‍ട്‌മെന്റിലേക്ക് കൊണ്ടുവന്നതെന്നും ദത്തെടുക്കല്‍ നടപടികള്‍ ആരംഭിച്ചതായും സോനു നല്‍കിയ വിശദീകരണത്തില്‍ വ്യക്തമാക്കി.

Read more