റാമിനേയും ജാനുവിനെയും നെഞ്ചേറ്റിയിട്ട് ഒരു വര്‍ഷം; നഷ്ടപ്രണയത്തിന്റെ '96', ആഘോഷിച്ച് ആരാധകര്‍

നഷ്ടപ്രണയത്തിന്റെ കഥ പറഞ്ഞെത്തിയ “96” തീയേറ്ററുകളിലെത്തിയിട്ട് ഒരു വര്‍ഷം. വിജയ് സേതുപതിയും തൃഷയും തകര്‍ത്തഭിനയിച്ച ചിത്രം തമിഴ്‌നാട്ടിലും കേരളത്തിലും ഒരുപോലെ തരംഗം സൃഷ്ടിച്ചിരുന്നു. ചിത്രത്തിലെ “കാതലെ” എന്ന ഗാനവും ആരാധകര്‍ ഏറ്റെടുത്തിരുന്നു. ചിത്രത്തിന്റെ ഒന്നാം വാര്‍ഷികത്തിന്റെ ആഘോഷത്തിലാണ് ആരാധകര്‍.

തൃഷയും വിജയ് സേതുപതിയും ആദ്യമായി ഒരുമിച്ച ചിത്രം കൂടിയായിരുന്നു 96. ഒരു ട്രാവല്‍ ഫോട്ടോഗ്രാഫറായാണ് സേതുപതി എത്തുന്നത്. 96 ബാച്ചിലെ വിദ്യാര്‍ഥികളുടെ ഒത്തുചേരലും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രം പറയുന്നത്. സഹപാഠികളായിരുന്ന റാമും ജാനുവും വര്‍ഷങ്ങള്‍ക്ക് ശേഷം കാണുന്നതും നഷ്ടപ്രണയത്തിന്റെ ഫ്‌ളാഷ്ബാക്കിലേക്കു രാമചന്ദ്രനും അതേ ക്ലാസിലെ വിദ്യാര്‍ഥിനിയായ എസ്. ജാനകി ദേവിയും നമ്മെ കൊണ്ടുപോകുന്നു.

ജാനുവിന്റെ സ്പര്‍ശനത്തില്‍ തലചുറ്റി വീഴുന്ന റാമിനെ നമുക്ക് കാണാം. ഒരു രാത്രി മുഴുവന്‍ അവര്‍ സഞ്ചരിക്കുന്ന വഴികളിലൂടെയും അവരുടെ തുറന്നുപറച്ചിലില്‍ക്കൂടിയും സിനിമ മുന്നോട്ടുപോകുന്നു. അനാവശ്യമായ തള്ളിക്കയറ്റലുകളോ ട്വിസ്റ്റുകളോ ചിത്രത്തിലില്ല. സി പ്രേം കുമാര്‍ തിരക്കഥയും സംവിധാനവും ചെയ്ത ചിത്രത്തില്‍ ഗോവിന്ദ് മേനോന്റെ പാട്ടുകളും ശ്രദ്ധേയമായി. നവാഗതരായ ആദിത്യയും ഗൗരിയുമാണ് ചിത്രത്തില്‍ വിജയ്‌യും തൃഷയുടെയും ബാല്യകാലം അവതരിപ്പിച്ചത്. അതും ചിത്രത്തിന്റെ ഹൈലൈറ്റുകളില്‍ ഒന്നായി. ചിത്രത്തില്‍ തൃഷ അണിഞ്ഞ കുര്‍ത്തയും വന്‍ ഹിറ്റായി.

Read more