കന്നഡയെ തൊട്ടാല്‍ പൊള്ളും, 'പഹല്‍ഗാം' പരാമര്‍ശം വിനയായി..; സോനു നിമിനെതിരെ കേസ്

കന്നഡ ഗാനം പാടാന്‍ ആവശ്യപ്പെട്ടതിനെതിരെ പ്രതികരിച്ച ഗായകന്‍ സോനു നിഗമിനെതിരെ കേസ്. കന്നഡിഗരുടെ വികാരത്തെ വ്രണപ്പെടുത്തിയെന്ന് ചൂണ്ടിക്കാണിച്ച് അവലഹള്ളി പൊലീസാണ് കേസ് എടുത്തത്. ‘ഇങ്ങനെയുള്ള പെരുമാറ്റം കൊണ്ടാണ് പഹല്‍ഗാം ഭീകരാക്രമണം ഉണ്ടായത്’ എന്ന ഗായകന്റെ പരാമര്‍ശമാണ് വിനയായിരിക്കുന്നത്.

ഈസ്റ്റ് പോയിന്റ് കോളജിലെ സംഗീതപരിപാടിക്കിടെ ആയിരുന്നു ഗായകന്റെ ‘പഹല്‍ഗാം’ പരാമര്‍ശം. കര്‍ണാടക സംരക്ഷണ വേദികെ എന്ന കന്നഡ സംഘടനയാണ് അവലഹള്ളി പൊലീസില്‍ പരാതി നല്‍കിയത്. ജനവിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തല്‍, അപകീര്‍ത്തിപ്പെടുത്തല്‍, മതപരമോ ഭാഷാപരമോ ആയ വികാരങ്ങള്‍ വ്രണപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

കോളേജിലെ പരിപാടിക്കിടെ കന്നഡ ഗാനം പാടാന്‍ ആവശ്യപ്പെട്ടത് ആയിരുന്നു സോനു നിഗമിനെ ചൊടിപ്പിച്ചത്. ഒരു വിദ്യാര്‍ത്ഥി ‘കന്നഡ, കന്നഡ’ എന്ന് ആവശ്യപ്പെട്ടുകൊണ്ടിരുന്നു. ”കന്നഡ ഗാനങ്ങള്‍ പാടാന്‍ എനിക്ക് ഇഷ്ടമാണ്. കര്‍ണാടകയിലെ ജനങ്ങളെ ഞാന്‍ ബഹുമാനിക്കുന്നു. എല്ലാ ഭാഷകളിലും ഞാന്‍ ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്.”

”എന്റെ ജീവിതത്തില്‍ ഞാന്‍ പാടിയ ഏറ്റവും മികച്ചവ കന്നഡ ഗാനങ്ങളാണ്. ഒരുപാട് സ്നേഹത്തോടെയാണ് നിങ്ങള്‍ക്കിടയിലേക്ക് വരുന്നത്. പക്ഷേ ഒരു പയ്യന്‍, അവന് എത്ര വയസ്സുണ്ടെന്ന് എനിക്കറിയില്ല. അവന്‍ ജനിക്കുന്നതിന് മുമ്പ് ഞാന്‍ കന്നഡ ഗാനങ്ങള്‍ പാടിത്തുടങ്ങിയതാണ്. അവന്‍ ചെയ്തത് എനിക്ക് ഇഷ്ടപ്പെട്ടില്ല.”

Read more

”അവന്‍ എന്നെ ഭീഷണിപ്പെടുത്തുകയായിരുന്നു. ‘കന്നഡ, കന്നഡ’ എന്ന് വിളിച്ചു പറയുകയാണ് ചെയ്തത്. ഇങ്ങനെയൊക്കെയുള്ള പെരുമാറ്റം കൊണ്ടാണ് പഹല്‍ഗാം ഭീകരാക്രമണം ഉണ്ടായത്. നിങ്ങളുടെ മുന്നില്‍ ആരാണ് നില്‍ക്കുന്നതെന്ന് ദയവായി മനസിലാക്കുക. ഞാന്‍ നിങ്ങളെ സ്‌നേഹിക്കുന്നു” എന്നായിരുന്നു സോനു നിഗം പറഞ്ഞത്.