120 ലൈംഗിക പീഡന പരാതികള്‍, ഒമ്പത് വയസുകാരനെയടക്കം ബലാത്സംഗം ചെയ്തതെന്ന് ആരോപണം; റാപ്പര്‍ ഷാന്‍ കോംപ്സ് വിവാദത്തില്‍

അമേരിക്കന്‍ റാപ്പറും സംഗീതജ്ഞനുമായി ഷാന്‍ ഡിഡ്ഡി കോംപ്സിനെതിരെ 120 ലൈംഗിക പീഡന പരാതികള്‍. പരാതിക്കാരില്‍ അറുപത് പേര്‍ സ്ത്രീകളും അറുപതു പേര്‍ പുരുഷന്മാരുമാണ്. അടുത്ത മാസത്തോടെ കേസ് ഫയല്‍ ചെയ്യുമെന്നും ഇരകള്‍ക്ക് വേണ്ടി ഹാജരാകുന്ന അഭിഭാഷകന്‍ ടോണി ബസ്ബീ പറഞ്ഞു.

ഷാന്‍ ഡിഡ്ഡി കോംപ്സിനെതിരെ പരാതി നല്‍കിയ 120 പേരില്‍ 25 പേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. കോംപ്സില്‍ നിന്ന് ചൂഷണം നേരിട്ടുവെന്ന് ആരോപിച്ച് 3280ല്‍ അധികം പേരാണ് തന്റെ സ്ഥാപനത്തെ സമീപിച്ചതെന്നും 120 പേരെ പ്രതിനിധീകരിക്കാന്‍ തീരുമാനിക്കുകയായിരുന്നു എന്നാണ് ടോണി പറയുന്നത്.

ലൈംഗികാതിക്രമത്തിന് വിധേയരായവരില്‍ ഒരു പുരുഷന് സംഭവ സമയത്ത് ഒന്‍പത് വയസ് ആയിരുന്നു പ്രായം. 1991 മുതല്‍ 2024 വരെയുള്ള കാലത്താണ് ചൂഷണം നടന്നത്. നിലവില്‍ സെക്സ് ട്രാഫിക്കിങ് കേസില്‍ ബ്രൂക്ക്ലിനിലെ മെട്രോപൊളിറ്റന്‍ ഡിറ്റന്‍ഷന്‍ സെന്ററില്‍ വിചാരണകാത്ത് കഴിയുകയാണ് 54കാരനായ കോംപ്സ്.

കഴിഞ്ഞ മാസമാണ് ഇയാള്‍ അറസ്റ്റിലായത്. ഇത്തരത്തിലുള്ള ലൈംഗിക അതിക്രമവും ചൂഷണവും യുഎസിലോ മറ്റ് എവിടെയെങ്കിലുമോ നടക്കാന്‍ പാടില്ലെന്ന് അഭിഭാഷകന്‍ ടോണി ബസ്ബീ കൂട്ടിച്ചേര്‍ത്തു.

Read more