മനസ്സിന്റെ കാണാക്കതക് തുറക്കുന്ന 'സ്റ്റാര്‍'

സാലിഹ് റാവുത്തര്‍

മായികക്കാഴ്ചകളുടെ പശ്ചാത്തലത്തില്‍ പറയുന്ന, മനഃശാസ്ത്രത്തിന് പ്രാധാന്യമുള്ള ചിത്രമാണ് ഇന്ന് റിലീസ് ചെയ്ത സ്റ്റാര്‍. പേരിനു പിന്നിലുള്ള കാരണം ജന്മനക്ഷത്രവുമായി ബന്ധപ്പെട്ടുള്ളതാണെങ്കിലും പരമ്പരാഗതമായ വിശ്വാസങ്ങളല്ല പ്രതിപാദ്യവിഷയം എന്നത് ശ്രദ്ധേയമാണ്. നമ്മള്‍ പലപ്പോഴും അവഗണിച്ചേക്കാവുന്ന എന്നാല്‍ അവബോധമുണ്ടായിരിക്കേണ്ട മനുഷ്യാവസ്ഥയെ കുറിച്ചുള്ള ബോദ്ധ്യത്തിന്റെ ആവശ്യം എടുത്തുപറയുന്ന ഒന്നാണ്.

ബില്‍ഡറും ഡെവലപ്പറുമായ റോയ് സ്‌നേഹിച്ചു വിവാഹം ചെയ്തത് ആര്‍ദ്ര എന്ന നാട്ടിന്‍പുറത്തുകാരി കോളജ് അദ്ധ്യാപികയെയാണ്. നഗരത്തിന് അന്യമായ നിഗൂഢമായ ചില വിശ്വാസങ്ങളെല്ലാം വെച്ചുപുലര്‍ത്തുന്ന കുടുംബത്തിലെ അംഗമാണെങ്കില്‍ തന്നെയും ആര്‍ദ്രയ്ക്ക് അന്യമതസ്ഥനായ റോയിയുമായുള്ള ദാമ്പത്യവും മക്കളുമൊത്തുള്ള ജീവിതവും തികച്ചും ആനന്ദകരമായിരുന്നു. റോയിക്ക് ആദ്യവിവാഹത്തിലുള്ള മകളും ജ്യോതിശാസ്ത്രവിദ്യാര്‍ത്ഥിനിയുമായ ആമിയും അവള്‍ക്ക് സ്വന്തം മകളെ പോലെ തന്നെയാണ്.

അടുത്തകാലത്ത് ആര്‍ദ്രയുടെ പെരുമാറ്റത്തിലുണ്ടാകുന്ന മാറ്റം വീട്ടിലും ജോലിസ്ഥലത്തുമെല്ലാം അസ്വസ്ഥതകള്‍ സൃഷ്ടിക്കുന്നു. അവളുമായി ബന്ധപ്പെട്ട സമൂഹത്തില്‍ സൃഷ്ടിക്കുന്ന ഭയവിഹ്വലതകള്‍ ചിത്രത്തിലുടനീളം ആകാംക്ഷ ജനിപ്പിക്കുന്നുണ്ട്. കുട്ടികള്‍ക്ക് യക്ഷിക്കഥകള്‍ പറഞ്ഞു കൊടുക്കുക പതിവുള്ള ആയമ്മ എന്ന സ്ത്രീ ആര്‍ദ്രയുടെ തറവാട്ടിലെ സഹായി കൂടിയാണ്. ഇതേ കാരണത്തിന് റോയിയുടെ ഉഗ്ര ശാസനങ്ങള്‍ ആയമ്മ കേള്‍ക്കുകയും പതിവാണ്.

ആര്‍ദ്രയുടെ മാനസികോല്ലാസത്തിനുവേണ്ടി കുടുംബസമേതം നാട്ടിലേക്ക് കാറില്‍ പുറപ്പെടുന്ന റോയിയുടെ മനസ്സില്‍ ആയമ്മ കുട്ടികളെ പറഞ്ഞു ഭയപ്പെടുത്തുന്ന കഥകളുമായി ആര്‍ദ്രയുടെ സ്വഭാവവ്യതിയാനത്തിന് കാരണമെന്ന് ന്യായമായും സംശയിക്കുന്നുണ്ട്. ഗ്രാമത്തിലെത്തിയതിനു ശേഷമുള്ള സംഭവവികാസങ്ങളും പതിറ്റാണ്ടുകള്‍ക്കു മുമ്പുണ്ടായിരുന്ന സമ്പ്രദായങ്ങളുമെല്ലാം റോയ് ആസ്വദിക്കുന്നുണ്ടെങ്കിലും ആര്‍ദ്രയുടെ അവസ്ഥയില്‍ മാറ്റം വരാത്തത് അയാളെ അസ്വസ്ഥനാക്കുന്നു. പ്രേക്ഷകര്‍ മുന്‍വിധിച്ചേക്കാവുന്ന കഥാപരിണതിയില്‍ നിന്നും വിഭിന്നമായി നീങ്ങുന്ന ക്ലൈമാക്‌സ് ചിത്രത്തിന്റെ പ്രത്യേകതയാണ്. ആഹ്ളാദവതിയായിരുന്ന ആര്‍ദ്രക്ക് സംഭവിച്ചതെന്താണ് ? സര്‍വരെയും അരക്ഷിതബോധത്തിലാഴ്ത്തി നടക്കുന്ന അവളില്‍ എന്തു ബാധയാണ് കയറിക്കൂടിയത് ? വൈദ്യശാസ്ത്രം അതിനു നല്‍കുന്ന വ്യാഖ്യാനമെന്താണ് ? ആദ്യമായിട്ടായിരിക്കാം ഒരു മലയാളസിനിമ ഇത്തരമൊരു വിഷയം കൈകാര്യം ചെയ്യുന്നത്.

റോയിയുടെ വേഷത്തില്‍ ജോജോ ജോര്‍ജ്ജും ആര്‍ദ്രയായി ഷീലു അബ്രഹാമും മികച്ച പ്രകടനം കാഴ്ചവെച്ചു. അതിഥിവേഷത്തിലെത്തിയ പൃഥ്വിരാജിന്റെ രംഗപ്രവേശം കഥാഗതിയെ മറ്റൊരു തലത്തിലേക്ക് മാറ്റുന്നു. ജാഫര്‍ ഇടുക്കി, സാനിയ ബാബു. ബേബി ശ്രീലക്ഷ്മി, ഗായത്രി അശോക്, ഷൈനി ടി. രാജന്‍, സുബ്ബലക്ഷ്മി, സരസ ബാലുശ്ശേരി തുടങ്ങിയ താരങ്ങള്‍ വിവിധ വേഷങ്ങളില്‍ അണിനിരക്കുന്നു.

Read more

അബാം മൂവീസിന്റെ ബാനറില്‍ അബ്രഹാം മാത്യു നിര്‍മ്മിച്ച ചിത്രത്തിന് തിരക്കഥ തയ്യാറാക്കിയത് സുവിന്‍ എസ്. സോമശേഖരനും സംവിധാനകര്‍മ്മം നിര്‍വ്വഹിച്ചത് ഡൊമിന്‍ ഡിസില്‍വയുമാണ്. കഥയിലുടനീളം ആകാംക്ഷ സമ്മാനിക്കുന്ന തിരക്കഥയും സംവിധാനശൈലിയും പ്രതീക്ഷ നല്‍കുന്നു. ഹരിനാരായണന്‍ എഴുതി എം ജയചന്ദ്രനും രഞ്ജിന്‍ രാജും സംഗീതം കൊടുത്ത ഏതാനും മനോഹരഗാനങ്ങള്‍ ശ്രവ്യമധുരമാണ്. വില്യം ഫ്രാന്‍സിസിന്റെ പശ്ചാത്തലസംഗീതം രംഗങ്ങള്‍ക്ക് മിഴിവേകുന്നു. ഗ്രാമീണ പശ്ചാത്തലവും സ്വപ്നസദൃശ ദൃശ്യങ്ങളും സുന്ദരമായി പകര്‍ത്തിയിരിക്കുന്ന ഛായാഗ്രഹണം നിര്‍വഹിച്ചത് തരുണ്‍ ഭാസ്‌കരനാണ്.