ഫൈനല്‍സ് - കാഴ്ചയും പ്രകടനങ്ങളും

സിനിമ ഒരു കല ആയിരിയ്ക്കുമ്പോള്‍ത്തന്നെ, ആ കലയ്ക്ക്, ആസ്വാദകര്‍ക്കിടയില്‍ പല തലങ്ങളിലുള്ള സ്വാധീനം ചെലുത്തുവാനുള്ള പ്രാപ്തിയുണ്ട്. ബയോഗ്രഫികള്‍ സൃഷ്ടിക്കപ്പെടുമ്പോള്‍ അവ തീര്‍ച്ചയായും പ്രേക്ഷകര്‍ക്ക് ഒരോര്‍മ്മപുതുക്കല്‍ എന്നതിലുപരി, പ്രചോദനഘടകങ്ങളായി ഭവിക്കാറുണ്ട്. അത്തരുണത്തില്‍ ജീവിച്ചിരിക്കുന്നവരും, മണ്മറഞ്ഞവരുമായ പ്രതിഭാശാലികളുടെ ഒട്ടനവധി ബഹുഭാഷാ ബയോഗ്രഫികള്‍ക്ക് വന്‍ സ്വീകാര്യത ലഭിച്ചിട്ടുണ്ടെങ്കിലും ബയോഗ്രഫികളും സ്‌പോര്‍ട്‌സ് ബേസ്ഡ് സിനിമകളും മലയാളത്തില്‍ തീരെ കുറവാണ്. ആദ്യമായിട്ടാണ് സൈക്ലിംഗ് കേന്ദ്രീകരിച്ച് ഒരു മലയാളചിത്രമൊരുങ്ങുന്നത്. 1992-ല്‍ റിലീസ് ചെയ്ത ബോളിവുഡ് ചിത്രം “ജോ ജീത്താ വഹി സിക്കന്തര്‍” എന്ന ബോളിവുഡ് ചിത്രം സൈക്കിള്‍ റേസിംഗ് കൊണ്ട് സമ്പന്നമായിരുന്നു. 2019-ല്‍ “ഫൈനല്‍സി”ല്‍ എത്തുമ്പോള്‍, സമകാലീന കേരളത്തിന്റെ കായികരംഗത്തോടുള്ള സമീപനം കൃത്യതയോടെ, പ്രേക്ഷകരിലെത്തിയ്ക്കാന്‍ അണിയറപ്രവര്‍ത്തകര്‍ക്ക് സാധിച്ചിട്ടുണ്ട്.

 

ആലീസ് വര്‍ഗ്ഗീസ് എന്ന സമര്‍ത്ഥയായ കൗമാരക്കാരിയുടെ ജീവിതലക്ഷ്യം, സൈക്ലിംഗില്‍ ലോകശ്രദ്ധ നേടിയെടുക്കുക എന്നതായിരുന്നു. പിതാവിന്റെയും, ബാല്യകാലസുഹൃത്ത് മാനുവലിന്റേയും പൂര്‍ണ്ണപിന്തുണയോടെ ആ ലക്ഷ്യത്തിലേയ്ക്ക് ആലീസ് കുതിക്കുകയാണ്. അതിനിടെ ചില അപ്രതീക്ഷിത സംഭവങ്ങളുണ്ടാവുന്നു. 122 മിനിറ്റുകള്‍ ദൈര്‍ഘ്യമുള്ള ഈ ചലച്ചിത്രം ഇടുക്കിയുടെ പശ്ചാത്തലത്തിലാണ് വികസിക്കുന്നത്.

കുടുംബബന്ധങ്ങളുടെ ഊഷ്മളതയും വൈകാരികതയും പ്രണയവുമെല്ലാം ഇഴചേര്‍ത്ത ഒരു സമ്പൂര്‍ണ്ണ കുടുംബചിത്രമാക്കി “ഫൈനല്‍സി”നെ മെനഞ്ഞെടുക്കുക എന്ന ഉദ്യമത്തില്‍ നവാഗതനായ സംവിധായകന്‍ പി ആര്‍ അരുണ്‍ വിജയിച്ചു എന്നുപറയാം. അര്‍ഹിക്കുന്ന വേഗതയില്‍, റിയലിസ്റ്റിക് പശ്ചാത്തലത്തില്‍ പറഞ്ഞുപോകുന്ന ആദ്യപകുതി, വളരെ ആസ്വാദ്യകരമായിത്തീരുന്നു. ഇത്തരത്തിലൊരു ചിത്രത്തിനായി തൂലിക ചലിപ്പിക്കുമ്പോള്‍ കടന്നുകൂടിയേക്കാവുന്ന പ്രെഡിക്ടബിള്‍ ആയിട്ടുള്ള സംഭവങ്ങളെ ഒരു പരിധിവരെ ഒഴിവാക്കിക്കൊണ്ട്, ഗൗരവമാര്‍ന്നതും, തൃപ്തിനല്‍കുന്നതുമായ വിധത്തില്‍, ഒരു നവാഗതന്റേതായ യാതൊരുവിധ പതര്‍ച്ചകളുമില്ലാതെ തന്നെ സംവിധായകന്‍ അവതരണം മെച്ചപ്പെടുത്തി.

നാടിനഭിമാനമായി മാറുന്നവരാണ് കായികതാരങ്ങള്‍. രാജ്യത്തിന്റെ കീര്‍ത്തി വിണ്ണോളമുയര്‍ത്തുന്നവര്‍. ആ ഒരു തലത്തിലേയ്ക്കുയര്‍ന്നുവരുവാന്‍ ഓരോരുത്തര്‍ക്കും പരിശ്രമം ആവശ്യമാണ്. അത്തരത്തില്‍ കഠിനപ്രയത്‌നങ്ങളിലൂടെ ലക്ഷ്യത്തിലെത്തുവാന്‍ ശ്രമിച്ച ആലീസിന്റെ ജീവിതത്തിലൂടെ, പലപ്പോഴും ചര്‍ച്ചചെയ്യപ്പെടാതെ പോകുന്ന ചില ജീവിതങ്ങളെ, അവര്‍ ആ മേഖലയിലേയ്ക്ക് എത്തിപ്പെടാനിടയായ സാഹചര്യങ്ങളെ, കഷ്ടപ്പാടുകളെയൊക്കെ ഈ ചിത്രത്തിലൂടെ നമുക്ക് പരിചയപ്പെടുത്തുകയാണ് സംവിധായകന്‍.

ഒരു പിതാവിന്റെ ആംഗിളില്‍ നിന്നും നോക്കിയാല്‍ ചിത്രം കുറേക്കൂടി അര്‍ത്ഥവത്താകുന്നു. രണ്ടാം പകുതിയില്‍ പൊതുവായി ഇത്തരം സിനിമകളില്‍ കണ്ടുവരുന്ന ക്ലീഷേകളെ ഭേദിച്ച്, സിനിമ മുന്നേറുന്നുണ്ടെങ്കിലും കഥാപാത്രം ലക്ഷ്യത്തിലെത്തിച്ചേരുവാന്‍ എടുക്കുന്ന വേഗതയിലും മറ്റും തെല്ല് അസ്വാഭാവികത കലര്‍ന്നിരുന്നു. ഇടയ്ക്ക് കുറച്ച് സമയം നടന്ന സംഭവങ്ങള്‍ കൃത്യമായി പ്രേക്ഷകനു വിശദീകരിക്കാതെ, “മാസങ്ങള്‍ക്ക് ശേഷം” എന്ന് എഴുതിക്കാണിച്ചുകൊണ്ട് ജമ്പ് ചെയ്യുകയായിരുന്നു.

Image result for finals malayalam movie

സുരാജ് വെഞ്ഞാറമൂട് അവതരിപ്പിച്ച മുന്‍ കോച്ച് വര്‍ഗ്ഗീസ് ആണ് “ഫൈനല്‍സി”ന്റെ നെടുംതൂണ്‍. ബെന്‍ ആയിരുന്നു ഒരു ഹാസ്യനടനും അപ്പുറം സുരാജിലെ നടനെ ഏറ്റവുമാദ്യം പൊതുസിനിമാപ്രേക്ഷകര്‍ക്ക് കാട്ടിക്കൊടുത്തത്. “പേരറിയാത്തവ”നും “ആക്ഷന്‍ ഹീറോ ബിജു”വിലെ കഥാപാത്രവും, “കുട്ടന്‍ പിള്ളയുടെ ശിവരാത്രി”യും “തൊണ്ടിമുതലും ദൃക്‌സാക്ഷിയും” ഒക്കെ പോലെ, കഥാപാത്രത്തെ അതിഗംഭീരമായി അവതരിപ്പിച്ചിട്ടുണ്ട് സുരാജ് വെഞ്ഞാറമ്മൂട്. ഒരേസമയം മികച്ച കോച്ചായും, മകളുടെ ജീവിതലക്ഷ്യം നിറവേറ്റുന്നതിന്, താങ്ങും തണലുമായ പിതാവായും മികച്ച പ്രകടനംതന്നെ സുരാജ് കാഴ്ചവെച്ചു. പൊലീസ് സ്റ്റേഷനിലെ രംഗം ശ്രദ്ധേയമാണ്. “കോച്ച് വര്‍ഗ്ഗീസ്” എന്ന കഥാപാത്രം ഭാവിയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടാനിടയുണ്ട്. “അനുരാഗ കരിക്കിന്‍ വെള്ള”ത്തിനുശേഷം മൂന്നു ചിത്രങ്ങളില്‍ അഭിനയിച്ചു എങ്കിലും രജിഷയെ “ഫൈനല്‍സി”ലാണ് പിന്നീടൊരു നല്ല കഥാപാത്രമായി കാണുവാനായത്. ഒരു സൈക്കിളിസ്റ്റ് ആയ ആലിസിനെ തന്റെ സ്വാഭാവികമായ അഭിനയമികവ്കൊണ്ട് രജീഷ വിജയന്‍ ഭദ്രമാക്കി.

Image result for finals malayalam movie

മുന്‍പ് രണ്ട് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും, തന്റെ സിനിമാ പാരമ്പര്യം മൂലം മാത്രം തെരഞ്ഞെടുക്കപ്പെട്ട ഒരു നടന്‍ മാത്രമായിരുന്നു നിരഞ്ജന്‍ എന്ന് ആ സിനിമകളും കഥാപാത്രങ്ങളും തെളിയിച്ചിരുന്നെങ്കില്‍ “ഫൈനല്‍സി”ല്‍ അഭിനയിക്കാന്‍ കഴിവുള്ള, നിരഞ്ജന്‍ എന്ന നടനെ ദൃശ്യമാകുന്നുണ്ട്. വേഷവിധാനവും ശരീരഭാഷയുമെല്ലാം കഥാപാത്രത്തോട് നിരഞ്ജന്‍ എത്രമാത്രം ആത്മാര്‍ത്ഥത പുലര്‍ത്തിയിരുന്നു എന്നതിന്റെ തെളിവാണ്. മണിയന്‍ പിള്ള രാജുവിന്റെ മകന്‍ എന്ന സ്ഥാനത്തു നിന്നും നിരഞ്ജ് എന്ന നടനിലേയ്ക്ക് ഇദ്ദേഹത്തെ പറിച്ചുനടപ്പെട്ടെങ്കില്‍ അത് സംവിധായകന്റെ കൂടി ശ്രമഫലമാകുന്നു. ഡഫേദാറിലെ കഥാപാത്രത്തിനുശേഷം ടിനി ടോമിനെ ഒരു മികച്ച വേഷത്തില്‍ കാണുവാനിടയായി. ബാലതാരങ്ങളായി അഭിനയിച്ച രണ്ടു കുട്ടികളും നല്ല പ്രകടനങ്ങളായിരുന്നു. സോനാ നായര്‍, മുത്തുമണി തുടങ്ങിയവരും അത്യാവശ്യം നല്ല കഥാപാത്രങ്ങളായിരുന്നു.

ഒരു കായികതാരമാവുകയെന്നതാണ് നിങ്ങളുടെ ജീവിതലക്ഷ്യമെങ്കില്‍, വിദേശരാജ്യങ്ങളില്‍ നിന്നാണ് നിങ്ങള്‍ അതിന് ശ്രമിയ്ക്കുന്നതെങ്കില്‍, നിങ്ങള്‍ക്ക് ആ ലക്ഷ്യത്തില്‍ എളുപ്പത്തില്‍ എത്തിച്ചേരുവാന്‍ സാധിയ്ക്കും. നേരെ മറിച്ച്, നിങ്ങളൊരു ഇന്ത്യക്കാരനാണെങ്കില്‍ നിങ്ങള്‍ക്ക് ഒരുപാട് വൈതരണികള്‍ പിന്നിടേണ്ടിവരും. കാരണം, ഇവിടെ സ്‌പോര്‍ട്‌സ് കൈകാര്യം ചെയ്യുന്നത് അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്റെയും കെടുകാര്യസ്ഥതയുടെയും അധികാരഹസ്തങ്ങളേന്തിയ ഭരണസംവിധാനങ്ങളാണ്. അവര്‍ തീരുമാനിയ്ക്കും ഒരു താരത്തെ കായികരംഗത്ത് പരിപോഷിപ്പിയ്ക്കണോ അതോ മുരടിപ്പിയ്ക്കണോ എന്നത്. കഴിഞ്ഞ കുറേ ദശകങ്ങളായി നമ്മുടെ കായികരംഗത്ത് നിലനില്‍ക്കുന്ന അനാസ്ഥനിറഞ്ഞ സ്ഥിതിഗതികളെ, ഒരു സൈക്ലിംഗ് താരത്തിന് നേരിടേണ്ടിവന്ന ദുരന്തപൂര്‍ണ്ണമായ കഥാഗതിയോടെ ദൃശ്യാവിഷ്‌കരിച്ചിരിക്കുകയാണ്, ചിത്രത്തിന്റെ രചയിതാവ് കൂടിയായ സംവിധായകന്‍. കായികമേഖലയെക്കുറിച്ച് യാതൊരുവിധ ഗ്രാഹ്യവുമില്ലാത്ത, കുറേ രാഷ്ട്രീയചട്ടുകങ്ങളുടെ അധികാരക്കസര്‍ത്തും ദുര്‍വിനിയോഗങ്ങളും വെള്ളിത്തിരയിലുടനീളം കാണാന്‍ സാധിയ്ക്കും. അതോടൊപ്പം, പാത്രമറിഞ്ഞ് ദാനം ചെയ്യേണ്ടതാണ് ഏതൊരു വിദ്യയും എന്ന് പൂര്‍ണ്ണമായും ബോധ്യമാകും.

ഇന്നും സ്‌പോര്‍ട്‌സ് താരങ്ങള്‍ അനുഭവിയ്ക്കുന്ന, അങ്ങേയറ്റത്തെ അവഗണനയ്ക്ക് ആരൊക്കെയാണ് ഉത്തരവാദികള്‍ എന്ന് ആവിഷ്‌കര്‍ത്താവ് വ്യക്തമാക്കുന്നുണ്ട്. ബയോഗ്രഫി എന്ന നിലയില്‍ ചിത്രം പ്രേക്ഷകരോടും യഥാര്‍ത്ഥ വ്യക്തിയോടും ഒരുപോലെ നീതിപുലര്‍ത്തി. സുദീപ് ഇളമണ്‍ ആണ് ഛായാഗ്രഹകന്‍. ഗംഭീര ഷോട്ടുകളായിരുന്നു ചിത്രത്തിനായി അദ്ദേഹം നല്‍കിയ സംഭാവന. പലപ്പോഴും ഒരു മലയാള സിനിമയ്ക്കുമപ്പുറത്തേയ്ക്ക് വിഷ്വല്‍സ് ചെന്നെത്തിയതായി കണ്ടിരുന്നു. ജിത്ത് ജോഷിയാണ് ചിത്രസംയോജനം. കൈലാസ് മേനോന്റെ ഗാനങ്ങള്‍ ശരാശരിനിലവാരം പുലര്‍ത്തിയെന്നേ പറയാനാവൂ. പശ്ചാത്തലസംഗീതം നന്നായിരുന്നു.

ഈ ചിത്രത്തിനായി പ്രചോദനമായ ഷൈനി സൈലസിനേക്കുറിച്ചുള്ള ലഘുവിവരണം ക്ലോസിംഗ് ക്രെഡിറ്റ്‌സില്‍ കണ്ടത് തിയെറ്ററില്‍ നിറഞ്ഞ കൈയ്യടി ഉണ്ടാക്കിയിരുന്നു. വാണിജ്യഘടകങ്ങളുള്ള ഒരു ചിത്രമായിരുന്നിട്ടുകൂടി, പ്രതികരിക്കുവാന്‍ കഴിയാത്ത ഒരു വിഭാഗമാളുകള്‍ക്കായി ശബ്ദമുയര്‍ത്തുവാനായി സമയം കണ്ടെത്തി എന്നതാണ് ചിത്രത്തിന്റെ പ്രധാന നേട്ടം. സാധാരണ ജനത്തിന്റെ പ്രതികരണമായി, പ്രചോദനമായി ഒരുങ്ങിയ ഈ ചലച്ചിത്രം കുടുംബസദസ്സുകള്‍ക്ക് ഏറെയിഷ്ടപ്പെടുമെന്നുറപ്പുണ്ട്. ഓണക്കാലത്തിറങ്ങിയ ചിത്രങ്ങളില്‍ ഏറ്റവും മികച്ചതെന്ന നിലയില്‍ പരിഗണിക്കപ്പെടുന്നതോടൊപ്പം, നിലവില്‍ കായികമേഖല നേരിടുന്ന പ്രതിസന്ധിയുടെ “ഫൈനല്‍സ്” ആയിത്തീരട്ടെ ഈ ചിത്രം എന്നും പ്രത്യാശിയ്ക്കാം.