കത്തിപ്പടര്‍ന്ന് അവഞ്ചേഴ്‌സ് എന്‍ഡ് ഗെയിം ട്രെയിലര്‍; മണിക്കൂറുകള്‍ക്കുള്ളില്‍ കാഴ്ച്ചക്കാര്‍ മൂന്ന് കോടിയ്ക്ക് മേല്‍; ട്രെന്‍ഡിംഗില്‍ ഒന്നാമന്‍!

സിനിമാലോകം കാത്തിരുന്ന ബ്രഹ്മാണ്ഡ ചിത്രം അവഞ്ചേര്‍സ് 4: എന്‍ഡ് ഗെയിം ട്രെയിലര്‍ പുറത്തിറങ്ങി. അയേണ്‍മാനായെത്തുന്ന റോബര്‍ട്ട് ഡൗണി ജൂനിയറിന്റെ വോയ്സ് ഓവറോടെ ആരംഭിക്കുന്ന ട്രെയിലറിന് രണ്ട് മിനിറ്റ് 26 സെക്കന്‍ഡ് ദൈര്‍ഘ്യമുണ്ട്. ആകാംക്ഷയുടെ മുള്‍മുനയില്‍ നില്‍ക്കുന്ന സിനിമ പ്രേമികളിലേയ്ക്ക് ട്രെയിലറിന്റെ വരവ് വമ്പന്‍ പ്രതികരണമാണ് സൃഷ്ടിച്ചിരിക്കുന്നത്. പുറത്തിറങ്ങി മണിക്കൂറുകള്‍ മാത്രം പിന്നിടുമ്പോള്‍ ട്രെയിലറിന് മൂന്നു കോടിക്ക് മേല്‍ കാഴ്ച്ചക്കാരായി. യൂട്യൂബ് ട്രെന്‍ഡിംഗിലും ട്രെയിലര്‍ ഒന്നാമതാണ്.

താനോസിനെ നേരിടാന്‍ ഒരുങ്ങുന്ന അവഞ്ചേഴ്‌സ് പട പുതിയ വേഷത്തിലാണ് പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുന്നത്. ബഹിരാകാശത്ത് അകപ്പെട്ടുപോയ അയണ്‍മാനെ തിരികെ ഭൂമിയിലെത്തിക്കുന്നതും ട്രെയിലറിലുണ്ട്. അവഞ്ചേഴ്‌സിലെ പുതിയ അംഗം ക്യാപ്റ്റന്‍ മാര്‍വെലും സിനിമയുടെ ഭാഗമാകുന്നു.

നേരത്തെ അവഞ്ചേഴ്‌സ് എന്‍ഡ് ഗെയിമിന്റെ കഥ ചോര്‍ന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. അവഞ്ചേഴ്‌സ് സിരീസിലെ അവസാന ഭാഗമെന്നു കരുതപ്പെടുന്ന ചിത്രത്തില്‍ റോബര്‍ട്ട് ഡോണി ജൂനിയര്‍ അവതരിപ്പിക്കുന്ന ടോണി സ്റ്റാര്‍ക് (അയണ്‍മാന്‍) എന്ന കഥാപാത്രവും ക്രിസ് ഇവാന്‍സിന്റെ സ്റ്റീവ് റോജേഴ്‌സ് (ക്യാപ്റ്റന്‍ അമേരിക്ക) എന്ന കഥാപാത്രവും മരിക്കുമെന്നാണു കഥകള്‍ പരന്നത്. ക്യാപ്റ്റന്‍ മാര്‍വെലാകും താനോസിനെ വകവരുത്തുക എന്നും കഥകള്‍ വന്നു. എന്തായാലും ഏപ്രില്‍ 26 ന് പ്രേക്ഷകരുടെ സംശയത്തിനെല്ലാം ഉത്തരമാകും.