ഇങ്ങനെ സംഭവിച്ചതിൽ മറ്റാരെയുംകാൾ ദുഃഖം എനിക്കാണ്:  അവതാർ റിലീസ് മാറ്റിയതിനെ കുറിച്ച് ജെയിംസ് കാമറൂൺ

ലോകത്ത്  കോവിഡ് പ്രതിസന്ധി തുടരുന്ന സാഹചര്യത്തിൽ അവതാർ രണ്ടാം ഭാഗത്തിന്റെ റിലീസ് നീട്ടിവെ ച്ചു. സംവിധായകനും നിർമ്മാതാവുമായ ജെയിംസ് കാമറൂണാണ് ഈ വിവരം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. അടുത്ത വർഷം ഡിസംബര്‍ അവസാനം റിലീസ് പ്രഖ്യാപിച്ച രണ്ടാം ഭാഗം  ഇനി 2022 ഡിസംബർ 16-നാകും റിലീസിനെത്തുക.

ഡിസംബറിൽ റിലീസ് ചെയ്യാനുള്ള തയ്യാറെടുപ്പിലായിരുന്നുവെന്നും  അതിനിടെയാണ് കോവിഡ് മൂലം എല്ലാം തകിടംമറിഞ്ഞതെന്നും കാമറൂൺ പറഞ്ഞു. ചിത്രത്തിന്റെ  റിലീസ് മാറ്റിവെച്ചതിൽ മറ്റാരെയുംകാൾ ദുഃഖം എനിക്കാണ്. –കാമറൂൺ പറഞ്ഞു.

‘നിലവിൽ ന്യൂസിലാൻഡിൽ സിനിമയുടെ  ചിത്രീകരണം തുടരുകയാണ്. എന്നാൽ അമേരിക്കയിൽ ചിത്രത്തിനായി തുടങ്ങിയ  വെർച്വൽ പ്രൊഡക്‌ഷൻ  ഇപ്പോൾ നിർത്തിവെച്ചിരിക്കുന്ന അവസ്ഥയാണ്. ഈ സിനിമയെ സംബന്ധിച്ചടത്തോളം സുപ്രധാനമായ ഭാഗമാണ് അത്.

ഈ പ്രതിസന്ധിഘട്ടത്തിലും ഡിസ്നി സ്റ്റുഡിയോസ് നൽകുന്ന പിന്തുണ വളരെ വലുതാണ്. ആരാധകരുടെ പിന്തുണയ്ക്കും നന്ദി.’–കാമറൂൺ പറഞ്ഞു.

പുതിയ റിലീസ് തീയതികൾ
അവതാർ 2–ഡിസംബർ 16, 2022
അവതാർ 3–ഡിസംബർ 20, 2024
അവതാർ 4–ഡിസംബർ 18, 2026
അവതാർ 5–ഡിസംബർ 22, 2028