ആഞ്ജലീന ജോളി ആകാന്‍ 50 സര്‍ജറി, മതനിന്ദയുടെ പേരില്‍ പത്തു വര്‍ഷത്തെ തടവ്

ഹോളിവുഡ് താരം ആഞ്ജലീന ജോളി ആകാനായി സര്‍ജറി നടത്തിയെന്ന പേരില്‍ വാര്‍ത്തകളില്‍ നിറഞ്ഞ ഇറാന്‍ സ്വദേശി സഹര്‍ തബറിന് 10 വര്‍ഷം തടവ്. 2019ല്‍ ആണ് മതനിന്ദ ആരോപിച്ച് സഹര്‍ തബറിനെ അറസ്റ്റ് ചെയ്തത്. ആഞ്ജലീനയുടെ ലോകത്തെ ഏറ്റവും വലിയ ആരാധിക എന്ന് സ്വയം വിശേഷിപ്പിക്കുന്ന സഹര്‍ താരത്തെ പോലെയാവാന്‍ അമ്പത് ശസ്ത്രക്രിയ നടത്തി എന്നായിരുന്നു അവകാശപ്പെട്ടത്.

സഹര്‍ തബര്‍ എന്ന് ഇന്‍സ്റ്റാഗ്രാമില്‍ അറിയപ്പെടുന്ന യുവതിയുടെ യഥാര്‍ത്ഥ നാമം ഫത്തേമേ ഖിഷ്വന്ത് എന്നാണ്. ജയലില്‍ കഴിയുന്ന സഹറിന് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് കോവിഡ് ബാധിച്ചിരുന്നു. ഇതോടെ ലോകമെമ്പാടുമുള്ള മനുഷ്യാവകാശ പ്രവര്‍ത്തകര്‍ സഹറിനെ കുറ്റവിമുക്തയാക്കി വെറുതെ വിടണം എന്നാവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്.

വിഷയത്തില്‍ ആഞ്ജലീന ജോളി ഇടപെടണമെന്ന ആവശ്യവും ഉയരുന്നുണ്ട്. ആഞ്ജലീനയെ പോലെയാകാനായി നടത്തിയ ശസ്ത്രക്രിയകള്‍ക്ക് ശേഷമുള്ള രൂപം എന്ന് പറഞ്ഞ് 325000 ചിത്രങ്ങള്‍ സഹര്‍ പങ്കുവച്ചിരുന്നു. ആദ്യം പലരും സഹറിനെ പിന്തുണച്ചെങ്കിലും പിന്നീട് കടുത്ത വിമര്‍ശനവും പരിഹാസവും ഉയര്‍ന്നു.

സര്‍ജറി ചെയ്തിട്ടില്ലെന്നും ഫോട്ടോഷോപ്പ് ചെയ്ത ചിത്രങ്ങളാണിവയെന്നും പിന്നീട് റിപ്പോര്‍ട്ടുകള്‍ വന്നു. മതനിന്ദയ്ക്ക് പുറമേ സോഷ്യല്‍ മീഡിയയിലൂടെ അക്രമം ചെയ്യാന്‍ പ്രേരിപ്പിച്ചു, അഴിമതിയെ പ്രോത്സാഹിപ്പിച്ചു തുടങ്ങിയ കുറ്റങ്ങള്‍ക്കാണ് സഹറിനെ അറസ്റ്റ് ചെയ്തത്.