‘ടൈറോണ്‍ ലാനിസ്റ്റര്‍’ പാകിസ്ഥാനിലെ ചായക്കടയിലെ ജോലിക്കാരന്‍?; സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്ന ചിത്രവും യാഥാര്‍ത്ഥ്യവും

അമേരിക്കന്‍ ടെലിവിഷന്‍ പരമ്പര ഗെയിം ഓഫ് ത്രോണ്‍സിന്റെ എട്ടാം സീസണിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ലോകമെമ്പാടുമുള്ള ആരാധകര്‍. കേരളത്തിലും നിരവധി ആരാധകരാണ് പരമ്പരയ്ക്കുള്ളത്. എട്ടാമത്തെയും അവസാനത്തെയും സീസണ്‍ എങ്ങിനെ ആയിരിക്കുമെന്ന ചര്‍ച്ചകളും തകൃതിയായി നടക്കുന്നു. ഇതിനിടയിലാണ് പരമ്പരയില്‍ ടൈറോണ്‍ ലാനിസ്റ്റര്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന പ്രശസ്ത നടന്‍ പീറ്റര്‍ ഡിങ്ക്ലിജ് പാകിസ്ഥാനിലെ ഒരു ചായക്കടയില്‍ ജോലി ചെയ്യുന്നു എന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചാരണം തുടങ്ങിയത്. ചിത്രത്തിന്റെ അകമ്പടിയോടെയായിരുന്നു പ്രചാരണം പൊട്ടിപുറപ്പെട്ടത്.

ചിത്രങ്ങളില്‍ നിന്ന് മറിച്ചൊന്ന് ചിന്തിക്കുക തന്നെ പ്രയാസം. എന്നാല്‍ പാകിസ്ഥാനിലെ ചായക്കടയില്‍ ജോലി ചെയ്യുന്നത് നടന്‍ പീറ്റര്‍ ഡിങ്ക്ലിജ് അല്ല. അദ്ദേഹത്തിന്റെ രൂപസാദൃശ്യമുള്ള റോസി ഖാന്‍ എന്ന 25 കാരനാണെന്നു പറയുന്നു. റോസി ഖാന്‍ ജോലി ചെയ്യുന്നതും സുഹൃത്തുക്കളോടൊപ്പം സമയം ചെലവഴിക്കുന്നതുമെല്ലാം ഡിങ്ക്ലിജിന്റേത് എന്ന പേരില്‍ പ്രചരിക്കുകയായിരുന്നു. രൂപസാദ്യശ്യം മനസിലാക്കി ആള്‍ക്കാര്‍ ഫോട്ടോ എടുക്കാന്‍ തുടങ്ങിയപ്പോള്‍ മാത്രമാണ് ഡിങ്ക്ലിജിന്റെ അപരന്‍ ഗെയിം ഓഫ് ത്രോണ്‍സിനെ കുറിച്ചു പോലും അറിയുന്നത്.

പാകിസ്ഥാനിലെ മന്‍ഷേറ സ്വദേശിയായ റോസി ഖാന്‍ റാവല്‍പിണ്ടിയിലെ ഒരു കശ്മീരി റസ്റ്റോറന്റിലാണ് ജോലി ചെയ്യുന്നത്. രൂപസാദൃശ്യം ഇത്രമേല്‍ പ്രശസ്തമായപ്പോള്‍ പീറ്റര്‍ ഡിന്‍ങ്ക്ലിജിനെ നേരില്‍ കാണണമെന്ന ആഗ്രഹമുണ്ടെന്നാണ് റോസി ഖാന്‍ പറയുന്നത്. രൂപം മാത്രമല്ല ഇരുവരുടെയും ഉയരവും എകദേശം ഒരുപോലെ തന്നെയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.