അതൊരു പീഡനമാണെന്ന് തിരിച്ചറിയാന്‍ സമയമെടുത്തു, സ്വയം പഴിച്ച് ജീവിച്ചു: ഡെമി ലൊവാറ്റോ

കൗമാരപ്രായത്തില്‍ ലൈംഗിക പീഡനത്തിന് ഇരയായെന്ന് വെളിപ്പെടുത്തി അമേരിക്കന്‍ നടിയും ഗായികയുമായ ഡെമി ലൊവാറ്റോ. പീഡനത്തിന് ഇരയായ ശേഷം വര്‍ഷങ്ങളോളം മദ്യത്തിലും ലഹരിമരുന്നിലും ആശ്രയിച്ച് ജീവിച്ചു. തന്നെ ആക്രമിച്ചയാളുമായി വീണ്ടും സഹകരിക്കേണ്ടി വന്നു. എന്നാല്‍ അയാള്‍ക്ക് ഒരിക്കലും അതേക്കുറിച്ച് ഒരു കുറ്റബോധവും തോന്നിയിട്ടില്ലെന്നും നടി പറയുന്നു.

ഡെമി ലൊവാറ്റോ: ഡാന്‍സിംഗ് വിത് ദ ഡെവിള്‍ എന്ന ഡോക്യുമെന്ററി സീസിലാണ് താരം വെളിപ്പെടുത്തല്‍ നടത്തിയത്. എന്നാല്‍ ആ വ്യക്തി ആരാണെന്ന് ഡെമി വ്യക്തമാക്കിയിട്ടില്ല. പുനരധിവാസ കേന്ദ്രങ്ങളില്‍ ചികിത്സ നടത്തി ലഹരിമരുന്നില്‍ നിന്നും വിമുക്തി നേടിയതിന് ശേഷമാണ് കരിയറും ജീവിതവും തിരിച്ചു പിടിച്ചത്.

അന്ന് താന്‍ പൂര്‍ണമായും ശാരീരിക ബന്ധത്തിന് തയ്യാറായിരുന്നില്ല. പരസ്പര സമ്മതത്തോടെ ആണെന്ന് തോന്നുന്ന വിധത്തിലായിരുന്നു പീഡനം നടന്നത്. താന്‍ വിലക്കി എങ്കിലും അയാള്‍ ചെവികൊണ്ടില്ല. അതൊരു അതിക്രമമായിരുന്നു എന്ന് തിരിച്ചറിയാന്‍ സമയമെടുത്തു. പീഡനം നടന്നതിന് ശേഷം ഒരു മാസം കഴിഞ്ഞ് താന്‍ അയാളെ വിളിച്ചു.

ഒന്നും സംഭവിക്കാത്തതു പോലെയായിരുന്നു അയാളുടെ പ്രതികരണം. അത് തന്നെ വീണ്ടും തകര്‍ത്തു. കന്യകാത്വം നഷ്ടപ്പെടുന്നത് ആലോചിക്കാന്‍ പോലും കഴിഞ്ഞിരുന്നില്ല. പക്ഷെ അപ്പോഴേക്കും എല്ലാം കൈവിട്ടു പോയി. സ്വയം പഴിച്ച് ജീവിച്ചു എന്നാണ് ഡെമി ലെവാറ്റോ പറയുന്നത്. മറ്റുള്ളവര്‍ക്ക് പ്രചോദനമാകാനാണ് ഇത് പറഞ്ഞതെന്നും താരം കൂട്ടിച്ചേര്‍ത്തു.