എന്റെ ഭാര്യയെയും മക്കളെയും ഞാന്‍ മറന്നുപോയേക്കാം; കുറച്ചുകാലം അഭിനയരംഗത്തേക്കില്ല; വെളിപ്പെടുത്തലുമായി ക്രിസ്

തനിക്ക് ഭാവിയില്‍ അല്‍ഷിമേഴ്‌സ് രോഗം പിടിപെടാനുള്ള സാധ്യതയുണ്ടെന്ന വെളിപ്പെടുത്തലുമായി ഹോളിവുഡ് നടന്‍ ക്രിസ് ഹേംസ്വര്‍ത്ത്. വാനിറ്റി ഫെയറുമായുള്ള അഭിമുഖത്തിലാണ് താരം തന്റെ രോഗ സാധ്യതയെ കുറിച്ചും ആശങ്കയെ കുറിച്ചും വെളിപ്പെടുത്തിയത്.

ക്രിസിന്റെ ഡിഎന്‍എയില്‍ എപിഒഇ4 ജീനിന്റെ സാന്നിധ്യമുണ്ടെന്നാണ് പരിശോധനയില്‍ കണ്ടെത്തിയത്. ഇത് അല്‍ഷിമേഴ്സ് രോഗം വരാനുള്ള അപകടസാധ്യതയെ വളരെയധികം വര്‍ദ്ധിപ്പിക്കുന്നതായാണ് പഠനങ്ങള്‍ പറയുന്നത്. എന്നാല്‍ ഇത് അല്‍ഷിമേഴ്സിന്റെ രോഗനിര്‍ണ്ണയമല്ലെന്ന് നടനെ പരിശോധിച്ച ഡോക്ടര്‍മാര്‍ പറയുന്നു.

നവംബര്‍ 16 ന് പുറത്തിറങ്ങിയ നാഷണല്‍ ജിയോഗ്രഫിക് ചാനലിലെ ‘ലിമിറ്റ്‌ലെസ് വിത്ത് ക്രിസ് ഹേംസ്വര്‍ത്ത്’ എന്ന പരിപാടിയുടെ പുതിയ എപ്പിസോഡിലും രോഗത്തെ കുറിച്ച് നടന്‍ സൂചിപ്പിച്ചിരുന്നു. ‘നമ്മുടെ ഓര്‍മകള്‍ എന്നും നിലനില്‍ക്കണം എന്നാണ് കരുതപ്പെടുന്നത്. ഓര്‍മകളാണ് നമ്മളെ രൂപപ്പെടുത്തുന്നത് നമ്മളെ നമ്മളാക്കുന്നതും. എന്റെ ഭാര്യയെ കുറിച്ചും മക്കളെ കുറിച്ചും ഓര്‍ക്കാന്‍ കഴിയാത്ത അവസ്ഥയായിരിക്കും എന്റെ ഏറ്റവും വലിയ പേടി’,

നമ്മളില്‍ ഭൂരിഭാഗം പേരും മരണത്തെക്കുറിച്ച് സംസാരിക്കുന്നത് ഒഴിവാക്കാനാണ് ഇഷ്ടപ്പെടുന്നത്. അപ്പോള്‍ പെട്ടെന്ന് ചില സൂചനകള്‍ മരണത്തിലേക്ക് ചൂണ്ടിക്കാണിക്കുന്നു അത് യാഥാര്‍ത്ഥ്യമാണ്,’ ക്രിസ് ഹേംസ്വര്‍ത്ത് കൂട്ടിച്ചേര്‍ത്തു.