ഡ്വെയ്ന്‍ ജോണ്‍സണും കുടുംബത്തിനും കോവിഡ്; കടന്നു പോയത് ഏറ്റവും വെല്ലുവിളി നിറഞ്ഞ ഘട്ടത്തിലൂടെ എന്ന് താരം

തനിക്കും കുടുംബത്തിനും കോവിഡ് ബാധിച്ചതായും ഇപ്പോള്‍ രോഗമുക്തരായെന്നും ഹോളിവുഡ് താരം ഡ്വെയ്ന്‍ ജോണ്‍സണ്‍. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയിലാണ് തനിക്കും ഭാര്യക്കും രണ്ട് മക്കള്‍ക്കും കോവിഡ് സ്ഥിരീകരിച്ചതായും ഇപ്പോള്‍ രോഗമുക്തരായി ആരോഗ്യത്തോടെ ഇരിക്കുകയാണെന്നും ഡ്വെയ്ന്‍ വ്യക്തമാക്കിയത്.

അടുത്ത കുടുംബ സുഹൃത്തുക്കളില്‍ നിന്നാണ് രോഗം പകര്‍ന്നതെന്നും ഡ്വെയ്ന്‍ പറയുന്നത്. ഏറ്റവും വെല്ലുവിളിയും ബുദ്ധിമുട്ടും നിറഞ്ഞ കാലഘട്ടമാണ് കുടുംബത്തിന് സഹിക്കേണ്ടി വന്നതെന്നും ഡ്വെയ്ന്‍ വീഡിയോയില്‍ വ്യക്തമാക്കി. മക്കളായ ജാസ്മിന്‍, ടിന എന്നിവര്‍ക്ക് തൊണ്ട വേദന മാത്രമേ ഉണ്ടായിരുന്നുള്ളു എന്നും തനിക്കും ഭാര്യയ്ക്കും ബുദ്ധിമുട്ടുകള്‍ അനുഭവിക്കേണ്ടി വന്നതായും ഡ്വെയ്ന്‍ പറഞ്ഞു.

മാസ്‌ക് ധരിച്ചും സാമൂഹിക അരകലം പാലിച്ചും കോവിഡിനെതിരേ ജാഗരൂകരാകാന്‍ അദ്ദേഹം ആരാധകരോട് ആവശ്യപ്പെട്ടു. തനിക്കെന്നും പ്രാഥമിക പരിഗണന കുടുംബത്തിന്റെ സുരക്ഷയാണെന്നും അതിനാല്‍ തന്നെ മുമ്പ് പലതരം മുറിവുകളും ഒടിവുകളും നേരിടേണ്ടി വന്നിട്ടുണ്ടെങ്കിലും കോവിഡ് പോസിറ്റീവ് ആകുന്നത് വ്യത്യസ്തമായ അനുഭവമാണെന്ന് പറയുന്നു ഡ്വെയ്ന്‍.

https://www.instagram.com/tv/CEppiNRlpvs/?utm_source=ig_embed

അമേരിക്കന്‍ നടനും, നിര്‍മ്മാതാവും, സെമി-റിട്ടയേഡ് പ്രൊഫഷണല്‍ റെസ്റ്റ്‌ലിങ് താരവുമാണ് ഡ്വെയ്ന്‍. ദ മമ്മി റിട്ടേണ്‍സ്, ദ സ്‌കോര്‍പ്പിയന്‍ കിങ്, ജുമാന്‍ജി, വെല്‍ക്കം ടു ദ ജംഗിള്‍, ബേവാച്ച് തുടങ്ങിയ ഹിറ്റ് സിനിമകളിലൂടെ താരം ശ്രദ്ധേയനായി. ഹോളിവുഡിലെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരങ്ങളില്‍ ഒരാള്‍ കൂടിയാണ് ഡ്വെയ്ന്‍.