കാത്തിരുന്ന് മടുത്തു; കത്തനാർ എവിടെ? സോഷ്യൽ മീഡിയ അന്വേഷിക്കുന്നു

മലയാളത്തിലെ ഏറ്റവും ചെലവേറിയ സിനിമയെന്ന വിശേഷണത്തോടെ മുന്നിൽ നിൽക്കുന്ന ചിത്രമാണ് ജയസൂര്യ നായകനായി എത്തുന്ന ‘കത്തനാർ: ദി വൈൽഡ് സോർസറർ’. എന്നാൽ വർഷം മൂന്ന് ആയിട്ടും രണ്ട് ഭാഗങ്ങളിലായി പുറത്തിറക്കാൻ ഒരുക്കുന്ന സിനിമയുടെ ആദ്യ ഭാഗം പോലും ഇതു വരെ വന്നിട്ടില്ല.

സിനിമയുടെ ഷൂട്ടിംഗ് പൂർത്തിയായതായും ചിത്രീകരണത്തിനിടയിൽ നിന്നുള്ള സിനിമയിലെ നായികയായ ബോളിവുഡ് താരം അനുഷ്ക ഷെട്ടിയുടെ ചിത്രങ്ങളും പുറത്തു വന്നിരുന്നു. ചിത്രീകരണം പൂർത്തിയായ വിവരം ജയസൂര്യ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. ‘കത്തനാർ’ അതിൻറെ പരമാവധി മികവിൽ പ്രേക്ഷകർക്ക് മുമ്പിൽ എത്തിക്കാൻ ശ്രമിച്ചിട്ടുണ്ടെന്ന് ജയസൂര്യ കുറിപ്പിൽ പറഞ്ഞു. ചിത്രത്തിലെ അണിയറപ്രവർത്തകർക്ക് നന്ദി അറിയിച്ച് കൊണ്ടുള്ളതായിരുന്നു ജയസൂര്യയുടെ പോസ്‌റ്റ്. സിനിമ നിർമ്മിക്കാൻ തയ്യാറായ ഗോകുലം ഗോപാലന് പ്രത്യേക നന്ദി പറയാനും ജയസൂര്യ മറന്നില്ല.

സിനിമയുടെ ഫസ്റ്റ് ഗ്ലിംസ് കഴിഞ്ഞ വർഷം പുറത്തു വിട്ടിരുന്നു. രണ്ട് മിനിറ്റോളം ദൈർഘ്യമുള്ള വീഡിയോ ചിത്രം ഒരു ദൃശ്യവിസ്മയം ആയിരിക്കുമെന്ന പ്രതീക്ഷ തന്നെയായിരുന്നു നൽകിയത്. രണ്ട് ഭാഗങ്ങളായി എത്തുന്ന ചിത്രത്തിന്റെ ആദ്യ ഭാഗം 2024ൽ റിലീസ് ചെയ്യുമെന്നായിരുന്നു വാർത്തകളിൽ വന്നത്. എന്നാൽ ഇതുവരെയും സിനിമ പുറത്തിറങ്ങാത്തത്തിന്റെ കാരണമാണ് പലരും ചോദിക്കുന്നത്. ഇതിനിടയിലാണ് ജയസൂര്യയ്ക്കെതിരെ കേസ് വന്നത്. ഇക്കാരണം കൊണ്ടാണോ സിനിമ പുറത്തിറക്കാത്തത് എന്നാണ് മറ്റൊരു ചോദ്യം.

മഹാമാന്ത്രികൻ കടമറ്റത്ത് കത്തനാരുടെ ജീവിതമാണ് സിനിമയിൽ പറയുന്നത്. ‘ഫിലിപ്‌സ് ആൻഡ് ദ മങ്കിപെൻ’, ‘ജോ ആൻഡ് ദ ബോയ്’, ‘ഹോം’ എന്നീ സിനിമകൾക്ക് ശേഷം റോജിൻ തോമസ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമാണിത്. റോജിനും തിരക്കഥാകൃത്ത് പി രാമാനന്ദും ആറ് വർഷത്തിലേറെയായി ചിത്രത്തെക്കുറിച്ച് ചർച്ച ചെയ്യുന്നുണ്ടെങ്കിലും കത്തനാറിൻ്റെ പ്രീ-പ്രൊഡക്ഷൻ രണ്ട് വർഷം മുമ്പാണ് ആരംഭിച്ചത്. മലയാളത്തിനകത്തു നിന്ന് രാജ്യാന്തര നിലവാരത്തിൽ ഒരുങ്ങുന്ന ചിത്രം ഫാന്റസി–ത്രില്ലർ ഗണത്തിൽപെടുന്നതാകും. ഫിലിപ്സ് ആൻഡ് മങ്കിപെൻ ടീം വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

ചിത്രത്തിൽ ജയസൂര്യയ്‌ക്കൊപ്പം പത്മരാജന്റെ ഗന്ധർവനായി മലയാളി പ്രേക്ഷകർക്ക് മുന്നിലെത്തിയ നിതീഷ് ഭരദ്വരാജും 33 വർഷത്തിന് ശേഷം വീണ്ടും മലയാളത്തിലേക്ക് എത്തുന്നുവെന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്. തമിഴ് നടൻ പ്രഭുദേവയും ചിത്രത്തിലുണ്ട്. 45000 ചതുരശ്ര അടി വിസ്തീർണമുള്ള മോഡുലാർ ചിത്രീകരണ ഫ്ലോറിലാണ് സിനിമയുടെ പ്രധാന ഭാഗങ്ങൾ ചിത്രീകരിച്ചത്. കൊറിയൻ വംശജനും കനേഡിയൻ പൌരനുമായ ജെ ജെ പാർക്ക് ആണ് കത്തനാരിൽ സ്റ്റണ്ട് കൊറിയോഗ്രാഫി നിർവഹിക്കുന്നത്.

ചെന്നൈയിലും റോമിലും കൊച്ചിയിലുമായാണ് സിനിമയുടെ ചിത്രീകരണം നടന്നത്. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, ഇംഗ്ലീഷ്, ബംഗാളി, ചൈനീസ്, ഫ്രഞ്ച്, കൊറിയൻ, ഇറ്റാലിയൻ, റഷ്യൻ, ഇൻഡോനേഷ്യൻ, ജാപ്പനീസ്, ജർമൻ തുടങ്ങി മുപ്പത്തിൽ അധികം ഭാഷകളിൽ സിനിമയുടെ വേൾഡ് വൈഡ് റിലീസ് റിലീസ് ഉണ്ടാകുമെന്നാണ് റിപ്പോർട്ട്.

ഒമ്പതാം നൂറ്റാണ്ടിലെ മാന്ത്രിക ശക്തികളുള്ള ഒരു ഐതിഹാസിക ക്രിസ്ത്യൻ പുരോഹിതനായ കടമറ്റത്ത് കത്തനാരുടെ ജീവിതമാണ് കഥ പിന്തുടരുന്നത്. ജയസൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ പ്രോജക്ട് ആയിരിക്കും ഈ സിനിമ. മിനി സ്ക്രീനുകളിലും നാടകങ്ങളിലും മറ്റും കണ്ട് പരിചയിച്ച കത്തനാരിൽ നിന്നും തീർത്തും വ്യത്യസ്തമായ കഥയും കഥാപാത്രവുമാകും സിനിമയിലേത്. ജയസൂര്യയുടെ കരിയറിലെ വ്യത്യസ്തമായ വേഷം തന്നെയാവും കത്താനാരിലേത്.