19 വർഷങ്ങൾക്ക് ശേഷം മലയാള ചിത്രത്തിന് സംഗീതം ഒരുക്കി വിശാൽ ഭരദ്വാജ്

മമ്മൂട്ടി നായകനായ മുന്നറിയിപ്പിനു ശേഷം വേണു സംവിധാനം ചെയ്യുന്ന ഫഹദ് ഫാസിൽ ചിത്രം കാര്‍ബണിനു സംഗീതം ബോളിവുഡില്‍ നിന്ന്. ദേശീയ പുരസ്‌കാര ജേതാവായ ബോളിവുഡ് സംഗീതസംവിധായകന്‍ വിശാല്‍ ഭരദ്വാജാണ് ചിത്രത്തിന് സംഗീതമേകുന്നത്. നിര്‍മ്മാതാവ്, എഴുത്തുകാരന്‍, സംവിധായകന്‍, ഗായകന്‍ എന്നീ നിലകളിലെല്ലാം പ്രാഗത്ഭ്യം തെളിയിച്ച അദ്ദേഹം സംഗീതമേകുന്ന രണ്ടാമത്തെ മലയാള ചിത്രമാണ് കാര്‍ബണ്‍.
“കാര്‍ബണിന്‌റെ കഥ എനിക്ക് പ്രചോദനമായി. ഈ ചിത്രത്തിലെ മൂന്ന് ഗാനങ്ങള്‍ക്കാണ് ഞാന്‍ സംഗീതം നല്‍കിയിരിക്കുന്നത്. മൂന്ന് ദിവസങ്ങള്‍ കൊണ്ടാണവ ചിട്ടപ്പെടുത്തിയത് – വിശാല്‍ പറയുന്നു.

മുന്‍പ് വേണുവിന്‌റെ 1998ല്‍ റിലീസ് ചെയ്ത ദയ എന്ന ചിത്രത്തിനായി വിശാല്‍ സംഗീതമേകിയിട്ടുണ്ട്. ശാരദേന്ദു നെയ്തു നെയ്തു എന്ന ദയയിലെ ഗാനമിപ്പോഴും സംഗീതാസ്വാദകര്‍ക്ക് പ്രിയങ്കരമാണ്. 19വര്‍ഷങ്ങള്‍ക്കു ശേഷം മോളിവുഡിലേയ്ക്കുള്ള വിശാലിന്‌റെ തിരിച്ചു വരവ് ഗംഭീരമായിരിക്കുമെന്നാണ് സൂചന. കഴിഞ്ഞ ദിവസം പുറത്തു വിട്ട ദൂരെ ദൂരെ എന്നുതുടങ്ങുന്ന കാര്‍ബണിലെ ഗാനത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിയ്ക്കുന്നത്.

കാടിന്‌റെ പശ്ചാത്തലത്തിലൊരുങ്ങുന്ന സസ്‌പെന്‍സ് ത്രില്ലറാണ് കാര്‍ബണ്‍. മംമ്ത മോഹന്‍ദാസാണ് ചിത്രത്തില്‍ ഫഹദിന്‌റെ നായികയായെത്തുന്നത്. ചിത്രത്തിന്‌റെ ക്യാമറ ചെയ്യുന്നത് ബോളിവുഡ് ക്യാമറമാനും മലയാളിയുമായ കെ യു മോഹനനാണ്. ഷാരൂഖ്- അനുഷ്‌ക ശര്‍മ്മ ചിത്രം ജബ് ഹാരി മെറ്റ് സേജലിന്‌റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്ും ഇദ്ദേഹമാണ്.