ബിഗിലിന്റെ വിതരണാവകാശം വിറ്റു പോയത് വമ്പന്‍ തുകയ്ക്ക്; തമിഴ്‌നാട്ടില്‍ പ്രദര്‍ശനത്തിനെത്തുക 600 സ്‌ക്രീനുകളില്‍

ദളപതി വിജയ്യെയും ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി അറ്റ്‌ലി കുമാര്‍ സംവിധാനം ചെയ്യുന്ന ബിഗില്‍ റിലീസിന് തയ്യാറെടുക്കുകയാണ്. 80 കോടി രൂപയ്ക്കാണ് ബിഗിലിന്റെ വിതരണാവകാശം വിറ്റു പോയത്. സ്‌ക്രീന്‍ സീന്‍ മീഡിയ എന്റര്‍ടെയ്ന്‍മെന്റാണ് ഇത്രയും വമ്പന്‍ തുകയ്ക്ക് തിയേറ്റര്‍ വിതരണാവകാശം സ്വന്തമാക്കിയത്. തമിഴ്‌നാട്ടില്‍ 600 സ്‌ക്രീനുകളിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്.

ദീപാവലിയ്ക്ക് റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ ആദ്യ മൂന്നു ദിവസത്തേക്കുള്ള ടിക്കറ്റുകള്‍ ഇതിനോടകം തന്നെ വിറ്റു പോയെന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്ട് മണിക്കൂര്‍ 59 മിനിറ്റാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം. ചിത്രം കേരളത്തില്‍ പ്രദര്‍നത്തിനെത്തിക്കുക പൃഥ്വിരാജിന്റെ പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക്ക് ഫ്രെയ്മസും ചേര്‍ന്നാണ്.

തെരി, മെര്‍സല്‍ എന്നീ സൂപ്പര്‍ഹിറ്റുകള്‍ക്കു ശേഷം വിജയും അറ്റലിയും ഒന്നിക്കുന്ന ചിത്രമാണിത്. ഫുട്ബോള്‍ പരിശീലകന്റെ വേഷത്തിലാണ് വിജയ് ചിത്രത്തില്‍ എത്തുന്നത്.വിജയിയുടെ 63 മത് ചിത്രമാണിത്. ചിത്രത്തില്‍ വിവേക്, പരിയേറും പെരുമാള്‍ ഫെയിം കതിര്‍, യോഗി ബാബു, റോബോ ശങ്കര്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എ.ആര്‍ റഹമാനാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. കെ.ജി വിഷ്ണുവാണ് ഛായാഗ്രഹണം. നിര്‍മ്മാണം എ.ജി.എസ് എന്റര്‍ടെയ്‌മെന്റ്.