ഫിയോക് അംഗങ്ങളുടെ തിയേറ്ററുകളില്‍ മരക്കാര്‍ പ്രദര്‍ശിപ്പിക്കില്ല: വിജയകുമാര്‍

ഫിയോക് അംഗങ്ങളുടെ തിയേറ്ററുകളില്‍ മരക്കാര്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് ഫിയോക് (ഫിലിം എക്‌സിബിറ്റേഴ്‌സ് യുണൈറ്റഡ് ഓര്‍ഗനൈസഷന്‍ ഓഫ് കേരള) പ്രസിഡന്റ് കെ. വിജയകുമാര്‍. ‘മരക്കാര്‍ എന്ന ചിത്രം തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കുന്നതിന് ഞങ്ങള്‍ എതിരല്ല, എന്നാല്‍ ഫിയോക് അംഗങ്ങളുടെ തിയേറ്ററുകളില്‍ ചിത്രം പ്രദര്‍ശിപ്പിക്കില്ല’.- വിജയകുമാര്‍ വ്യക്തമാക്കുന്നു.

‘ലിബര്‍ട്ടി ബഷീറിന് തിയേറ്ററില്‍ ഏതു പടം വേണമെങ്കിലും പ്രദര്‍ശിപ്പിക്കാം. ‘മരക്കാര്‍’ എന്ന പടം പ്രദര്‍ശിപ്പിക്കുന്നതിന് ഞങ്ങള്‍ ആരും എതിരല്ല. ഫിയോക് അംഗങ്ങളുടെ തിയേറ്ററുകളില്‍ മരക്കാര്‍ പ്രദര്‍ശിപ്പിക്കില്ല എന്നെ ഞങ്ങള്‍ പറഞ്ഞുള്ളൂ.’-വിജയകുമാര്‍ പറഞ്ഞു. മോഹന്‍ലാലിന്റെ മാത്രമല്ല ആരുടെ സിനിമ ഇല്ലെങ്കിലും തിയേറ്റര്‍ വ്യവസായം നിലനില്‍ക്കും. എനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ എന്റെ സ്ഥാപനങ്ങള്‍ എല്ലാം പൂട്ടിക്കെട്ടാന്‍ പറ്റുമോ?

എനിക്കെതിരെയുള്ള വിവാദങ്ങളില്‍ ഒരു വാസ്തവവുമില്ല. ആന്റണി പെരുമ്പാവൂര്‍ ആറു സിനിമകള്‍ തുടര്‍ച്ചയായി ഒടിടിക്ക് കൊടുക്കും എന്നാണു പറഞ്ഞിട്ടുള്ളത്. മൂന്നുനാലു വര്‍ഷം മോഹന്‍ലാലിന്റെ ചിത്രങ്ങള്‍ തിയേറ്ററില്‍ വരാതിരുന്നാല്‍ തിയേറ്റര്‍ എങ്ങനെ നിലനില്‍ക്കും എന്ന ചോദ്യത്തിന് ഉത്തരമാണ് ഞാന്‍ പറഞ്ഞത്. തണ്ണീര്‍മത്തന്‍ ദിനങ്ങള്‍, പ്രേമം മുതലായ പടങ്ങള്‍ ഓടിയിട്ടില്ലേ. സിനിമാ തിയേറ്ററുകള്‍ നിലനില്‍ക്കുക തന്നെ ചെയ്യും.

ഒരുവിഭാഗം തിയേറ്ററുകള്‍ ‘മരക്കാര്‍’ പ്രദര്‍ശിപ്പിക്കും എന്ന് അവര്‍ ഉദ്ദേശിച്ചത്, കുറച്ചു സര്‍ക്കാര്‍ തിയേറ്ററുകള്‍ കൂടി ഉള്‍പ്പെടുത്തി ആയിരിക്കും. സര്‍ക്കാര്‍ തിയേറ്ററുകള്‍ ഞങ്ങളുടെ സംഘടനയുമായി സഹകരിക്കും എന്നാണു ഷാജി എന്‍. കരുണ്‍ സാര്‍ പറഞ്ഞിട്ടുള്ളത്. ലിബര്‍ട്ടി ബഷീറിനെ പോലെയുള്ള ചിലരുടെ തിയേറ്ററുകള്‍ ‘മരക്കാര്‍’ പ്രദര്‍ശിപ്പിക്കുമായിരിക്കും. മറ്റുള്ളവരുടെ കാര്യം ഞങ്ങള്‍ക്ക് അറിയില്ല.’ – വിജയകുമാര്‍ പറഞ്ഞു.