'കുറുപ്പിന്റെ വിജയം ചിലര്‍ക്കുള്ള ചുട്ട മറുപടി, ഫിയോക്കിന്റെ തിയേറ്ററുകളെല്ലാം മരക്കാറിന് നല്‍കില്ല': വിജയകുമാര്‍

ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം ‘കുറുപ്പ്’ ഇന്ന് നേടിയ കളക്ഷന്‍ ഒടിടിയിലേക്ക് സിനിമ സ്വാഗതം ചെയ്യുന്ന ചിലര്‍ക്ക് ലഭിച്ച ചുട്ട മറുപടിയാണെന്ന് ഫിയോക് പ്രസിഡന്റ് വിജയകുമാര്‍. ഇന്ന് കേരളത്തില്‍ കുറുപ്പ് പ്രദര്‍ശിപ്പിച്ച 505 സ്‌ക്രീനുകളും ഫസ്റ്റ് ഷോ ഫുള്‍ ആണ്. അങ്ങനെയൊരു സംഭവം ഇതുവരെ ഉണ്ടായിട്ടില്ലെന്നും വിജയകുമാര്‍ റിപ്പോര്‍ട്ടര്‍ ടിവിയുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു.

‘ആന്റണി പെരുമ്പാവൂരിന്റെ ചിത്രം തീയേറ്റര്‍ റിലീസ് ചെയ്യുന്നതിന് പിന്നില്‍ സര്‍ക്കാരിന്റെ ശക്തമായ ഇടപെടല്‍ ഉണ്ടായിട്ടുണ്ട്. അതിന്റെയൊക്കെ സാക്ഷിയാണ് താനെന്നും വിജയകുമാര്‍ പറഞ്ഞു.

കുറുപ്പിന് ഫിയോക്കിന്റെ മുഴുവന്‍ തീയേറ്ററുകളും കൊടുത്തിട്ടുണ്ട്. ആദ്യം 400 തീയേറ്റര്‍ മാത്രമാണ് വാഗ്ദാനം ചെയ്തത്. രജനികാന്തിന്റെ അണ്ണാത്തെ വിചാരിച്ചപോലെ പ്രേക്ഷക തള്ളിക്കയറ്റമില്ലാത്ത സാഹചര്യത്തില്‍ ഒഴിവുവന്ന 505 തീയേറ്ററുകള്‍ കുറുപ്പ് നേടുകയായിരുന്നുവെന്ന് വിജയകുമാര്‍ കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ മരക്കാറിന് ഫിയോക്കിന്റെ എല്ലാ തീയേറ്ററുകളും നല്‍കില്ലെന്നും കുറുപ്പ് നിലനിര്‍ത്തിക്കൊണ്ട് മരക്കാര്‍ പ്രദര്‍ശിപ്പിക്കാനുള്ള സാധ്യതകള്‍ പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത മരക്കാറിന്റെ ബജറ്റ് 100 കോടിയാണ്.തന്റെ ജീവിതത്തിലെ ഏറ്റവും ചെലവേറിയ സിനിമയാണിതെന്ന് സംവിധായകന്‍ പ്രിയദര്‍ശന്‍ പറഞ്ഞിരുന്നു. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍, സന്തോഷ് ടി കുരുവിള, റോയ് സി ജെ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ് തെലുഗ്, കന്നട ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. മഞ്ജു വാര്യര്‍, സുനില്‍ ഷെട്ടി, പ്രഭു, കീര്‍ത്തി സുരേഷ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങള്‍. അനില്‍ ശശിയും പ്രിയദര്‍ശനും ചേര്‍ന്നാണ് തിരക്കഥ.