പോരും പ്രണയവുമായി വിജയ് ദേവരകൊണ്ട; തരംഗമായി 'ഡിയര്‍ കോമ്രേഡ്' ടീസര്‍

വിജയ് ദേവരകൊണ്ട നായകനാവുന്ന എറ്റവും പുതിയ ചിത്രം ഡിയര്‍ കോമ്രേഡിന്റെ ടീസര്‍ പുറത്തിറങ്ങി. ചിത്രത്തിലെ രംഗങ്ങള്‍ക്കൊപ്പം സിദ് ശ്രീറാം പാടിയൊരു ഗാനത്തിന്റെ അകമ്പടിയോടെയാണ് ടീസര്‍ എത്തിയിരിക്കുന്നത്. ഒരു ക്യാംപസ് പ്രണയ ചിത്രമാണ് ഇതെന്നാണ് ടീസര്‍ നല്‍കുന്ന സൂചന. ഗീതാ ഗോവിന്ദത്തിനു ശേഷം രാഷ്മിക മന്ദാനയാണ് ഇത്തവണയും വിജയുടെ നായികാ വേഷത്തില്‍ എത്തുന്നത്.

ടീസറിന് മികച്ച സ്വീകാര്യതയാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്.  ഭരത് കമ്മയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഫൈറ്റ് ഫോര്‍ വാട്ട് യൂ ലവ് എന്ന ടാഗ് ലൈനോടു കൂടിയാണ് ചിത്രമെത്തുന്നത്. മലയാളി നടി ശ്രുതി രാമചന്ദ്രനും സിനിമയില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രം തെലുങ്ക്, തമിഴ്, മലയാളം, കന്നഡ ഭാഷകളിലായി പുറത്തിറങ്ങും.

സുജിത്ത് സാരംഗ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. ശ്രീജിത്ത് സാരംഗ് എഡിറ്റിങ്ങും ജസ്റ്റിന്‍ പ്രഭാകരന്‍ സംഗീത സംവിധാനവും നിര്‍വ്വഹിക്കുന്നു. മൈത്രി മേക്കേഴ്‌സാണ് ചിത്രം നിര്‍മ്മിക്കുന്ന ചിത്രം മേയ് 31 ന് തിയേറ്ററുകളിലെത്തും.