ഷാപ്പിന്റെ പശ്ചാത്തലത്തില്‍ 'വെള്ള'ത്തിലെ പുതിയ ഗാനം; 'ഒരു കുറി കണ്ടു നാം' ശ്രദ്ധേയമാകുന്നു

ക്യാപ്റ്റന്‍ ചിത്രത്തിന് ശേഷം പ്രജേഷ് സെന്‍ ജയസൂര്യയെ നായകനാക്കി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “വെള്ളം” ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. “”ഒരു കുറി കണ്ടു നാം”” എന്ന ഗാനം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാവുകയാണ്. ബി.കെ.ഹരിനാരായണന്റെ വരികള്‍ക്ക് ബിജിപാല്‍ സംഗീതം ഒരുക്കിയത്. പാട്ടിലൂടെ ഒരു പുതിയ ഗായകനെയും അവതരിപ്പിച്ചിരിക്കുകയാണ്.

കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശിയായ വിശ്വനാഥന്‍ ആണ് ഈ മനോഹരമായ ഗാനം ആലപിച്ചിരിക്കുന്നത്. കണ്ണൂരിലെ മുഴുക്കുടിയനായ മുരളി എന്നയാളുടെ കഥയാണ് വെള്ളം പറയുന്നത്. ഷാപ്പിന്റെ പശ്ചാത്തലത്തിലാണ് പുതിയതായി പുറത്തു വന്ന ഗാനം ചിത്രീകരിച്ചിരിക്കുന്നത്. നേരത്തെ “പുലരിയിലച്ഛന്റെ” എന്ന് തുടങ്ങുന്ന ഗാനം പുറത്തു വന്നിരുന്നു. കണ്ണൂരിലെ അന്ധതയെ അതിജീവിച്ച അനന്യ പാടിയ ഈ പാട്ടും ഏറെ ശ്രദ്ധേയമായിരുന്നു. നിതീഷ് നടേരിയുടേതായിരുന്നു വരികള്‍.

സംയുക്തമേനോന്‍, സ്‌നേഹ പാലിയേരി എന്നിവരാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്. സിദ്ധിഖ്, ഇന്ദ്രന്‍സ്, ബൈജു, ശ്രീലക്ഷ്മി, പ്രിയങ്ക, ജോണി ആന്റണി, ഇടവേള ബാബു, വെട്ടുകിളി പ്രകാശ്, നിര്‍മല്‍ പാലാഴി, സന്തോഷ് കീഴാറ്റൂര്‍, ശിവദാസ് മട്ടന്നൂര്‍, ജിന്‍സ് ഭാസ്‌കര്‍, ബേബി ശ്രീലക്ഷ്മി തുടങ്ങിയവരും മുപ്പതോളം പുതുമുഖതാരങ്ങളും ചിത്രത്തില്‍ വേഷമിടുന്നു.

ഫ്രണ്ട്‌ലി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോസ്‌കുട്ടി മഠത്തില്‍, യദുകൃഷ്ണ, രഞ്ജിത്ത് മണബ്രക്കാട്ട് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. സെന്‍ട്രല്‍ പിക്‌ചേഴ്‌സ് ആണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്. റോബി വര്‍ഗീസ് ഛായാഗ്രഹണവും ബിജിത്ത് ബാല എഡിറ്റിംഗു നിര്‍വ്വഹിക്കുന്നു. കലാസംവിധാനം അജയ് മാങ്ങാട്, കോസ്റ്റ്യൂം അരവിന്ദ് കെ.ആര്‍, സൗണ്ട് ഡിസൈന്‍ അരുണ്‍ വര്‍മ്മ, മേക്കപ്പ് ലിബിന്‍ മോഹനന്‍.