സ്വന്തം തട്ടകത്തിലെ തൊഴിലിടത്തിലേക്ക് മടങ്ങിയെത്തിയ ഭാവനയ്ക്ക്..; ശിവന്‍കുട്ടിയുടെ പോസ്റ്റ് വൈറല്‍

ആറ് വര്‍ഷത്തിന് ശേഷം മലയാള സിനിമയില്‍ തിരിച്ചെത്തുന്ന നടി ഭാവനയ്ക്ക് ആശംസകളുമായി മന്ത്രി വി. ശിവന്‍കുട്ടി. ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ കണ്ടെന്നും സ്വന്തം തൊഴിലിടത്തിലേക്ക് തിരിച്ചു വരുന്ന ഭാവനയ്ക്ക് തൊഴില്‍ മന്ത്രിയുടെ ആശംസകള്‍ എന്നു പറഞ്ഞു കൊണ്ടാണ് ശിവന്‍കുട്ടിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

”ഒരിടവേളയ്ക്ക് ശേഷം ഭാവനയുടെ മലയാള സിനിമ റിലീസ് ആവുകയാണ്. ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ കണ്ടു. ഏറെ സന്തോഷം. സ്വന്തം തട്ടകത്തിലെ തൊഴിലിടത്തിലേക്ക് മടങ്ങിയെത്തിയ ഭാവനയ്ക്ക് തൊഴില്‍ മന്ത്രിയുടെ ആശംസകള്‍…” എന്നാണ് ശിവന്‍കുട്ടിയുടെ കുറിപ്പ്.

ഭാവന, ഷറഫുദ്ദീന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് ചിത്രം നവാഗതനായ ആദില്‍ മൈമൂനത്ത് അഷറഫ് ആണ് സംവിധാനം ചെയ്യുന്നത്. അരുണ്‍ റഷ്ദിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ബിജിബാലാണ് പശ്ചാത്തല സംഗീതം ഒരുക്കുന്നത്.

അനാര്‍ക്കലി നാസര്‍, അഫ്സാന ലക്ഷ്മി, ഷെബിന്‍ ബെന്‍സന്‍ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. ലണ്ടന്‍ ടാക്കീസും ബോണ്‍ഹോമി എന്റര്‍ടൈന്‍മെന്റ്‌സും ചേര്‍ന്ന് രാജേഷ് കൃഷ്ണ, റെനീഷ് അബ്ദുള്‍ ഖാദര്‍ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്.