‘എന്താ ഞാന്‍ സ്മാര്‍ട്ടല്ലേ?’ മകന്റെ സത്യപ്രതിജ്ഞ കണ്ട്‌ ഉണ്ണികൃഷ്ണന്‍ നമ്പൂതിരി

96 വയസിന്റെ അവശതകള്‍ മറന്ന് പയ്യന്നൂരില്‍ നിന്നും ഉണ്ണികൃഷ്ണന്‍ നമ്പൂതിരി എറണാകുളത്തെത്തി. ഇളയമകന്‍ കുഞ്ഞികൃഷ്ണന്‍ ഹൈക്കോടതി ജഡ്ജിയായി സത്യപ്രതിഞ്ജ ചെയ്യുന്നത് കാണാനായാണ് ഉണ്ണികൃഷ്ണന്‍ നമ്പൂതിരി എത്തിയത്. ‘എന്താ ഞാന്‍ സ്മാര്‍ട്ടായിട്ടല്ലേ ഇരിക്കുന്നത്’ എന്ന് കാണാനെത്തിയവരോടും അദ്ദേഹം ചോദിക്കുന്നുണ്ടായിരുന്നു.

അച്ഛനെ ചക്രക്കസേരയിലിരുത്തി കാറില്‍ കയറ്റിയാണ് പി.വി. കുഞ്ഞികൃഷ്ണന്‍ ഹൈക്കോടതി ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ വടുതലയിലെ വീട്ടില്‍ നിന്നും പറപ്പെട്ടത്. ‘ദേശാടന’ത്തിലെ മുത്തശ്ശനായി തുടങ്ങി ഇരുപത്തഞ്ചോളം മലയാളം, തമിഴ് ചലച്ചിത്രങ്ങളിലഭിനയിച്ച താരമാണ് ഉണ്ണികൃഷ്ണന്‍ നമ്പൂതിരി.

അച്ഛന്റെ മനസ്സും കരുതലുമാണ് തന്നെ ഈ പദവിയിലെത്തിച്ചതെന്നും ചടങ്ങില്‍ അച്ഛനെത്തിയതില്‍ സന്തോഷമുണ്ടെന്നും സത്യപ്രതിജ്ഞയ്ക്കു ശേഷമുള്ള പ്രസംഗത്തില്‍ ജസ്റ്റിസ് കുഞ്ഞികൃഷ്ണന്‍ പറഞ്ഞു. പ്രശസ്ത ഗാനരചയിതാവും സംഗീതജ്ഞനുമായ കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുള്‍പ്പെടെയുള്ള ബന്ധുക്കളും സദസ്സിലുണ്ടായിരുന്നു.