'സ്വന്തം കഴിവിനെ വില കുറച്ച് കാണുന്നതും മറ്റുള്ളവര്‍ക്ക് ക്രെഡിറ്റ് കൊടുക്കുന്നതും എന്തിനാണ്?'; കമന്റിന് മറുപടിയുമായി ഉണ്ണി മുകുന്ദന്‍

ഉണ്ണി മുകുന്ദന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ഒരു കുറിപ്പും അതിന് നല്‍കിയ കമന്റുമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ഭ്രമം ചിത്രത്തിലെ ദിനേഷ് എന്ന കഥാപാത്രത്തെ നിങ്ങള്‍ക്ക് ഇഷ്ടമായെങ്കില്‍ അതിന് കാരണക്കാരന്‍ പൃഥ്വിരാജാണ് എന്നായിരുന്നു ഉണ്ണി മുകുന്ദന്‍ താരത്തിനൊപ്പമുള്ള ചിത്രം പങ്കുവച്ച് കുറിച്ചത്.

ഈ കഥാപാത്രം തന്നെ കൊണ്ട് ചെയ്ത് ഫലിപ്പിക്കാനാവുമെന്ന ഉറപ്പ് പൃഥ്വിരാജിന് ഉണ്ടായിരുന്നെന്നും ഉണ്ണി മുകുന്ദന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരുന്നു. ഈ പോസ്റ്റിന് താഴെ എത്തിയ കമന്റാണ് ചര്‍ച്ചയായത്. താങ്കള്‍ പൃഥ്വിയോടുള്ള നന്ദി പറയുന്നത് ശരിയായിരിക്കാം എന്നാല്‍ സ്വന്തം കഴിവിനെ വില കുറച്ച് കാണുന്നതും മറ്റുള്ളവര്‍ക്ക് ക്രെഡിറ്റ് കൊടുക്കുന്നതും എന്തിനാണ് എന്നായിരുന്നു കമന്റ്.

എന്നാല്‍ സ്വന്തം കഴിവിനെ താന്‍ ഒരിക്കലും വിലകുറച്ച് കണ്ടിട്ടില്ലെന്നും താന്‍ നന്ദി പ്രകടിപ്പിക്കുക മാത്രമാണ് ചെയ്തതെന്നും ഇത് രണ്ടും തമ്മില്‍ വ്യത്യാസമുണ്ടെന്നും ഉണ്ണി മുകുന്ദന്‍ മറുപടിയും നല്‍കി. ഭ്രമത്തില്‍ താന്‍ അവതരിപ്പിച്ച കഥാപാത്രത്തെ അഭിനന്ദിച്ച് എത്തിയവര്‍ക്ക് നന്ദി പറഞ്ഞു കൊണ്ട് താരം നേരത്തെ ഒരു പോസ്റ്റും പങ്കുവച്ചിരുന്നു.

ഭ്രമത്തിലെ തന്റെ പ്രകടനത്തെ കുറിച്ച് ധാരാളം നല്ല അഭിപ്രായങ്ങളാണ് ലഭിക്കുന്നത്. എല്ലാവര്‍ക്കും ഒരുപാട് നന്ദി. ഒരു നടനെന്ന നിലയില്‍ ഒരു വിഭാഗത്തിലും ടൈപ്പ്കാസ്റ്റ് ചെയ്യപ്പെടാതിരിക്കാന്‍ താന്‍ എപ്പോഴും ശ്രമിച്ചിട്ടുണ്ട്. ഈ ചിത്രത്തിലും അതിന് സാധിച്ചിട്ടുണ്ടെന്ന് കരുതുന്നു. സംവിധായകന്‍ രവി കെ. ചന്ദ്രനും ബ്രോ പൃഥ്വിരാജിനോടുമാണ് ഇക്കാര്യത്തില്‍ നന്ദി പറയേണ്ടത് എന്നാണ് ഉണ്ണി കുറിച്ചത്.

ഒക്ടോബര്‍ 7ന് ആണ് ഭ്രമം ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തത്. രവി കെ. ചന്ദ്രന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ പൃഥ്വിരാജ്, മംമ്ത മോഹന്‍ദാസ്, റാഷി ഖന്ന, അനന്യ, ജഗദീഷ്, ശങ്കര്‍ എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തിയത്. ബോളിവുഡ് ചിത്രം അന്ധാദുനിന്റെ റീമേക്ക് ആണ് ഭ്രമം.