ടൊവിനോയുടെ 'തന്ത വൈബ്', സംവിധാനം മുഹ്‌സിന്‍ പരാരി; ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്

നീണ്ട 10 വര്‍ഷത്തിന് ശേഷം വീണ്ടും സംവിധായകനാകാന്‍ ഒരുങ്ങി മുഹ്‌സിന്‍ പരാരി. ടൊവിനോ തോമസിനെ നായകനാക്കി ‘തന്ത വൈബ്’ എന്ന ചിത്രമാണ് മുഹ്‌സിന്‍ ഒരുക്കുന്നത്. 2015ല്‍ എത്തിയ ‘കെഎല്‍ 10 പത്ത്’ സിനിമയ്ക്ക് ശേഷം മുഹ്‌സിന്‍ പരാരി ഒരുക്കുന്ന ചിത്രമാണിത്. തന്ത വൈബ് ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടാണ് പുതിയ ചിത്രം മുഹ്‌സിന്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

‘നിങ്ങളുടെ ഉള്ളിലെ കുട്ടിക്ക് എത്ര വയസ്സായി’ എന്ന ടാഗ് ലൈനോടെയാണ് പോസ്റ്റര്‍ പങ്കുവെച്ചിരിക്കുന്നത്. ആഷിഖ് ഉസ്മാനാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജിംഷി ഖാലിദാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ചമന്‍ ചാക്കോ ആണ് എഡിറ്റര്‍. സിനിമയ്ക്ക് സംഗീതം ഒരുക്കുന്നത് വിഷ്ണു വിജയ് ആണ്. മറ്റു വിവരങ്ങള്‍ ഒന്നും പുറത്തുവിട്ടിട്ടില്ല.

നിരവധി സിനിമകള്‍ക്ക് ഗാനങ്ങള്‍ എഴുതിയ മുഹ്‌സിന്‍ പെരാരി പാട്ടെഴുത്തില്‍ നിന്ന് ഇടവേളയെടുത്ത വിവരം ആരാധകരെ അറിയിച്ചിരുന്നു. നസ്രിയ- ബേസില്‍ ചിത്രമായ ‘സൂക്ഷദര്‍ശിനി’യിലെ ദുരൂഹമന്ദഹാസമാണ് മുഹ്സിന്‍ എഴുതി പുറത്തിറങ്ങിയ അവസാന ഗാനം. നേരത്തെ ടൊവിനോ ചിത്രം ‘തല്ലുമാല’യുടെ സംവിധാന ചുമതല ഉണ്ടായിരുന്ന ഇദ്ദേഹം പിന്നീട് ഇതില്‍ നിന്ന് മാറിനിന്നിരുന്നു.

സുഡാനി ഫ്രം നൈജീരിയ, വൈറസ്, ഹലാല്‍ ലൗ സ്റ്റോറി, തല്ലുമാല തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥ ഇദ്ദേഹം ചെയ്തിട്ടുണ്ട്. ഹര്‍ഷദ് സംവിധാനം ചെയ്ത ദായോം പന്ത്രണ്ടും എന്ന ചിത്രത്തിലെ സംഭാഷണങ്ങള്‍ എഴുതിക്കൊണ്ടാണ് മുഹ്‌സിന്‍ പരാരിയുടെ മലയാള സിനിമയില്‍ എത്തിയത്.

Read more