തരംഗമായി തൃശൂര്‍ പൂരത്തിലെ ആദ്യഗാനം; പത്ത് ലക്ഷത്തിലധികം വ്യൂസുമായി ട്രെന്‍ഡില്‍ ഒന്നാംസ്ഥാനം നിലനിര്‍ത്തി മുന്നോട്ട്

ജയസൂര്യയും ഫ്രൈഡേ ഫിലിം ഹൗസും ഒന്നിക്കുന്ന ചിത്രം തൃശൂര്‍ പൂരത്തിലെ ആദ്യഗാനം സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു. സഖിയേ എന്ന് തുടങ്ങുന്ന ആദ്യഗാനത്തിന് ഒരു റിലീസ് ചെയ്ത് ഒരു ദിവസം പിന്നിടുമ്പോള്‍ പത്ത് ലക്ഷത്തിലധികം വ്യൂസാണ് ലഭിച്ചിരിക്കുന്നത്. റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ഗാനം ട്രെന്‍ഡിംഗ് ലിസ്റ്റില്‍ ഇടം നേടിക്കഴിഞ്ഞു.

അതേസമയം, സഖിയേ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ രംഗങ്ങളില്‍ വേറിട്ട ലുക്കിലുള്ള ജയസൂര്യയെയാണ് കാണാന്‍ കഴിയുന്നത്. ബികെ ഹരിനാരായണന്റെ വരികള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത് രതീഷ് വേഗയാണ്. ആലാപനം ഹരിചരണ്‍. രാജേഷ് മോഹന്‍ സംവിധാനം ചെയ്യുന്ന ചിത്രം തൃശൂരിന്റെ ജീവിതവുമായി ബന്ധപ്പെട്ട, തൃശൂര്‍ പൂരത്തിന്റെ എല്ലാ ഭാവങ്ങളും പറയുന്ന ഒരു സിനിമയാവും എന്നാണ് അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്.

ജയസൂര്യക്കൊപ്പം തനി തൃശൂര്‍ ഭാഷ പറഞ്ഞ് നടി സ്വാതി റെഡ്ഡിയും എത്തുന്നുണ്ട്. സംഗീത സംവിധായകന്‍ രതീഷ് വേഗയാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. രതീഷ് വേഗ ആദ്യമായി തിരക്കഥയും സംഭാഷണവും ഒരുക്കുന്ന ചിത്രമാണ് തൃശൂര്‍ പൂരം.