തൊട്ടപ്പന്‍ തമിഴിലേക്ക്; വിനായകന് പകരം എത്തുന്നത് സൂപ്പര്‍ താരം

ഷാനവാസ് കെ ബാവക്കുട്ടിയുടെ സംവിധാനത്തില്‍ വിനായകന്‍ നായകനായെത്തിയ ‘തൊട്ടപ്പന്‍’ തമിഴ് റീമേക്കിന് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. തമിഴിലെ ഒരു സൂപ്പര്‍ താരം ആകും വിനായകന്റെ വേഷത്തിലെത്തുന്നതെന്നും സൂചനകളുണ്ട്. എന്നാല്‍ അതാരാണെന്ന് വെളിപ്പെടുത്തിയിട്ടില്ല. അതേസമയം, ചിത്രം തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. മുഴുനീള നായകനായി വിനായകന്‍ ആദ്യമായെത്തുന്ന ചിത്രമാണിത്. സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മികച്ച ബാലതാരമായി തിരഞ്ഞെടുക്കപ്പെട്ട അബനി ആദിയും ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.

ഫ്രാന്‍സിസ് നെറോണയുടെ കഥയ്ക്ക് പി.സി റഫീഖാണ് തിരക്കഥ എഴുതിയിരിക്കുന്നത്. ഫ്രാന്‍സിസ് നൊറോണയുടെ കഥകളുടെ സമാഹാരമാണ് ചിത്രത്തിനു ആധാരം.

പശ്ചാത്തല സംഗീതം ഒരുക്കുന്നത് ജസ്റ്റിനാണ്. ജിതിന്‍ മനോഹര്‍ ആണ് ചിത്രസംയോജനം. റോഷന്‍ മാത്യു, മനോജ് കെ ജയന്‍, കൊച്ചു പ്രേമന്‍, പോളി വില്‍സണ്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. ഷാനവാസിന്റെ ആദ്യ ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത് ഷൈന്‍ നിഗം, ശ്രുതി മേനോന്‍, വിനയ് ഫോര്‍ട്ട് എന്നിവരായിരുന്നു.