ബ്രോ ഡാഡി, ട്വല്‍ത്ത്മാന്‍ ചിത്രങ്ങള്‍ക്ക് തിയേറ്ററില്‍ ഭാവിയില്ല, അവ ഒ.ടി.ടിക്ക് വേണ്ടി ഉണ്ടാക്കിയത്: തിയേറ്ററുടമകള്‍

മരക്കാര്‍ അറബിക്കടലിന്റെ സിംഹം ചിത്രത്തിന്റെ റിലീസ് തിയേറ്ററില്‍ തന്നെയായിരിക്കുമെന്ന് ഉറപ്പു ലഭിച്ചിട്ടുണ്ടെന്ന് തിയേറ്ററുടമകള്‍. മരക്കാര്‍ ഒ.ടി.ടിയില്‍ റിലീസ് ചെയ്യുമെന്ന പ്രചാരണം വാസ്തവ വിരുദ്ധമാണെന്നും തിയേറ്ററുടമകള്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

മരക്കാര്‍ ഒഴികെ സമീപകാലത്ത് നിര്‍മ്മിക്കപ്പെട്ട മിക്ക ചിത്രങ്ങളും ഒ.ടി.ടി പ്ലാറ്റ്ഫോമുകള്‍ക്ക് വേണ്ടി ഉണ്ടാക്കിയതാണ്. ഒ.ടി.ടി ഒരു താല്‍ക്കാലിക പ്രതിഭാസമാണ്. അതിലേക്ക് കൂടുതല്‍ സിനിമകള്‍ ഇനി പോകില്ല. ബിഗ് സ്‌ക്രീനിനെ ധിക്കരിച്ച് സിനിമയ്ക്ക് നിലനില്‍ക്കാന്‍ കഴിയില്ല.

താല്‍ക്കാലിക പ്രതിസന്ധി മറികടക്കാന്‍ കുറച്ച് സിനിമകള്‍ ഒ.ടി.ടിയില്‍ റിലീസ് ചെയ്തുവെന്ന് മാത്രം. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡിയും മോഹന്‍ലാല്‍-ജീത്തു ജോസഫ് ചിത്രം ട്വല്‍ത്ത്മാനും ഒ.ടി.ടി പ്ലാറ്റ്ഫോമുകള്‍ക്ക് വേണ്ടി ഉണ്ടാക്കിയ ചിത്രങ്ങളാണ്.

അഞ്ചോ പത്തോ ദിവസങ്ങള്‍ കൊണ്ടുണ്ടാക്കുന്ന ചിത്രങ്ങള്‍ക്ക് തിയേറ്ററില്‍ ഭാവിയില്ല. അവ ഒ.ടി.ടി ചിത്രങ്ങളാണെന്ന് നേരത്തേ വ്യക്തമാക്കിയിരുന്നു. തുടര്‍ച്ചയായി ഒ.ടി.ടി റിലീസ് ചെയ്യതിലെ ആശങ്ക നിര്‍മാതാക്കളോടും താരങ്ങളോടും പങ്കുവച്ചിട്ടുണ്ടെന്നും തിയേറ്ററുടമകള്‍ പറഞ്ഞു.