ചര്‍ച്ച നിരാശാജനകം; ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന ആവശ്യത്തില്‍ ഉറച്ച് ഡബ്ല്യു.സി.സി

ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന ആവശ്യത്തിലുറച്ച് ഡബ്ലുസിസി. സര്‍ക്കാരും സിനിമാ സംഘടനകളും തമ്മില്‍ നടത്തിയ ചര്‍ച്ച നിരാശാജനകമായിരുന്നു. ചര്‍ച്ചയില്‍ വ്യക്തതക്കുറവുണ്ടെന്നും ബീനാപോളും പത്മപ്രിയയും പ്രതികരിച്ചു.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളും നിരീക്ഷണങ്ങളും പുറത്ത് വിടണം. നിര്‍ദ്ദേശങ്ങള്‍ എന്തിന്റെ അടിസ്ഥാനമാക്കിയാണെന്ന് വ്യക്തമാക്കണം. ഇന്നത്തെ മീറ്റിങ്ങില്‍ വ്യക്തത കുറവുണ്ട്. വിഷയത്തെ ഡബ്ല്യുസിസിയുടെ മാത്രം പ്രശ്‌നമായി കാണരുതെന്നും പ്രതിനിധികള്‍ പറഞ്ഞു.

ചര്‍ച്ചയില്‍ നിരാശയില്ല. റിപ്പോര്‍ട്ട് പുറത്തുവിടുന്നതില്‍ എതിര്‍പ്പൊന്നുമില്ല. ഇത് സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് സര്‍ക്കാരാണെന്നും താരസംഘടനയായ അമ്മ പ്രതികരിച്ചു. ചര്‍ച്ചയിലെ നിര്‍ദ്ദേശങ്ങള്‍ സ്വാഗതം ചെയ്യുന്നു. ചിലത് നടപ്പാക്കാന്‍ പ്രായോഗിക ബുദ്ധിമുട്ടുകളുണ്ട്. പ്രശ്‌നങ്ങള്‍ ഉണ്ടാക്കാനല്ല പരിഹരിക്കാനാണ് ആഗ്രഹിക്കുന്നതെന്നും നടന്‍ സിദ്ദിഖ് പറഞ്ഞു.

റിപ്പോര്‍ട്ട് പ്രകാരമുള്ള ഭൂരിപക്ഷം നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുന്നതില്‍ തടസ്സമില്ല. എന്നാല്‍ റെഗുലേറ്ററി അതോറിറ്റിയെ അംഗീകരിക്കാനാവില്ലെന്നും ഫിലിം ചേംബര്‍ അഭിപ്രായപ്പെട്ടു.

അതേസമയം റിപ്പോര്‍ട്ട് പുറത്തുവിടാനാകില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. 500 പേജുള്ള റിപ്പോര്‍ട്ടാണിത്. തുടര്‍ ചര്‍ച്ചകള്‍ ആവശ്യമാണെന്നും സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. ഡബ്ല്യു.സി.സി, അമ്മ, മാക്ട, ഫെഫ്ക ഉള്‍പ്പെടെ എല്ലാ സിനിമാ സംഘടനകള്‍ക്കും ചര്‍ച്ചയില്‍ ക്ഷണമുണ്ടായിരുന്നു.