‘തുടരും’ തിയേറ്ററുകളില്‍ വിജയക്കുതിപ്പ് തുടരവെ പുതിയ ചിത്രം പ്രഖ്യാപിച്ച് സംവിധായകന്‍ തരുണ്‍ മൂര്‍ത്തി. ‘ടോര്‍പിഡോ’ എന്ന് പേരിട്ട ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തെത്തി. ഫഹദ് ഫാസില്‍, തമിഴ് നടന്‍ അര്‍ജുന്‍ ദാസ്, നസ്ലിന്‍, ഗണപതി എന്നിവരാണ് മുഖ്യവേഷങ്ങളില്‍ എത്തുന്നത്. നടന്‍ ബിനു പപ്പുവാണ് തിരക്കഥ.
സുഷിന്‍ ശ്യാം ഒരിടവേളയ്ക്ക് ശേഷം സംഗീത സംവിധായകനായി തിരിച്ചുവരുന്നു എന്ന പ്രത്യേകതയും ടോര്‍പിഡോയ്ക്കുണ്ട്. ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക് ഉസ്മാന്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ജിംഷി ഖാലിദ് ഛായാഗ്രഹണവും വിവേക് ഹര്‍ഷന്‍ എഡിറ്റിംഗും നിര്‍വഹിക്കുന്നു.
സൗണ്ട് ഡിസൈന്‍ വിഷ്ണു ഗോവിന്ദാണ്. ഗോകുല്‍ ദാസ് കലാസംവിധാനവും മഷര്‍ ഹംസ വസ്ത്രാലങ്കാരവും കൈകാര്യം ചെയ്യുന്നു. സ്റ്റണ്ട് കൊറിയോഗ്രാഫര്‍ സുപ്രീം സുന്ദറാണ്. വിതരണം സെന്‍ട്രല്‍ പിക്‌ചേഴ്‌സ്. അതേസമയം, ഓപ്പറേഷന്‍ ജാവ, സൗദി വെള്ളക്ക എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ തരുണ്‍ മൂര്‍ത്തിയുടെ ‘തുടരും’ തിയേറ്ററുകളില്‍ ആവേശം തീര്‍ക്കുകയാണ്.
Read more
ആറ് ദിവസം കൊണ്ട് തുടരും 100 കോടി ക്ലബ്ബില്‍ ഇടം പിടിച്ചു കഴിഞ്ഞു. മോഹന്‍ലാലും ശോഭനയും ഒന്നിച്ച ചിത്രം ഏപ്രില്‍ 25ന് ആണ് തിയേറ്ററുകളില്‍ എത്തിയത്. ഷണ്‍മുഖം എന്ന സാധാരണക്കാരനായ ഒരു ടാക്‌സി ഡ്രൈവറെയാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അവതരിപ്പിച്ചത്. നാട്ടുകാരുടെ പ്രിയപ്പെട്ടവനായ ഒരു ടാക്‌സി ഡ്രൈവര്‍ ഷണ്‍മുഖന്റെ ജീവിതമാണ് സിനിമ പറയുന്നത്.







