മോഹന്‍ലാലിന്റെ ശബ്ദത്തില്‍ 'സൈറ നരസിംഹ റെഡ്ഡി'; നാല് ഭാഷകളിലായി ഗംഭീര ടീസര്‍ എത്തി

മെഗാസ്റ്റാര്‍ ചിരഞ്ജീവി നായകനാകുന്ന ബ്രമാണ്ഡാ ചിത്രം “സൈറ നരസിംഹ റെഡ്ഡി”യുടെ ടീസര്‍ പുറത്തിറങ്ങി. മലയാളം, കന്നഡ, തെലുങ്ക്, ഹിന്ദി എന്നീ നാല് ഭാഷകളിലായാണ് ടീസര്‍ റിലീസ് ചെയ്തിരിക്കുന്നത്. മലയാളത്തില്‍ നടന്‍ മോഹന്‍ലാലാണ് ശബ്ദം നല്‍കിയിരിക്കുന്നത്. ഹിന്ദിയില്‍ അമിതാഭ് ബച്ചനും തെലുങ്കില്‍ പവന്‍ കല്യാണും കന്നഡയില്‍ കിച്ച സുദീപുമാണ് ശബ്ദം നല്‍കിയിരിക്കുന്നത്.

ബ്രിട്ടീഷുകാര്‍ക്കെതിരെ പടപൊരുതിയ ആദ്യ പോരാളി ഉയ്യലവാഡ നരസിംഹ റെഡ്ഡിയുടെ ബയോപിക്കാണ് ചിത്രം. സുരേന്ദര്‍ റെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രം കോയിന്‍ഡെല്ലാ പ്രൊഡക്ഷന്‍സിന്റെ കീഴില്‍ റാംചരണാണ് നിര്‍മിക്കുന്നത്. അമിതാഭ് ബച്ചന്‍, ജഗപതി ബാബു, നയന്‍താര, വിജയ് സേതുപതി, തമ്മന്ന, കിച്ച സുദീപ്, ബ്രഹ്മാജി, രവി കിഷന്‍, ഹുമ ഖുറേഷി എന്നിങ്ങനെ വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

250 കോടി മുതല്‍ മുടക്കിലാണ് സൈറ നിര്‍മിക്കുന്നത്. ആര്‍ രത്‌നവേലു ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന് അമിത് ത്രിവേദിയാണ് സംഗീത സംവിധാനം.