‘ എനിക്ക് നായികയാകാനുളള ലുക്കില്ലെന്ന്  പ്രശസ്ത നടി വരെ പറഞ്ഞു’   ആത്മവിശ്വാസമായത്  ലാലേട്ടന്റെ നല്ല വാക്കുകൾ: സ്വാസിക

Advertisement

സിനിമയിലെ ആരംഭകാലത്ത് നായികയാകാനുളള ലുക്ക് തനിക്ക് ഇല്ലെന്നുളള വിമര്‍ശനങ്ങള്‍ കേട്ടിരുന്നുവെന്ന്  വാസന്തി എന്ന ചിത്രത്തിലെ ടൈറ്റിൽ റോളിന് സംസ്ഥാന സര്‍ക്കാരിന്റെ മികച്ച സ്വഭാവ നടിക്കുളള പുരസ്‌കാരം ലഭിച്ച സ്വാസിക വിജയകുമാര്‍. എന്നാൽ മോഹൻലാലിന്റെ നല്ല വാക്കുകളാണ് തനിക്ക് ആത്മവിശ്വാസം പകർന്നതെന്നും നടി വ്യക്തമാക്കി.

മാതൃഭൂമി പത്രത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സ്വാസികയുടെ വാക്കുകള്‍.

അംഗീകാരം കിട്ടാന്‍ വൈകിയെന്ന് കരുതുന്നില്ല. മികച്ച കഥാപാത്രങ്ങള്‍ കിട്ടാനാണ് വൈകിയത്. നല്ല കഥാപാത്രങ്ങള്‍ ചെയ്ത് തെളിയിച്ചാലല്ലേ അംഗീകാരം പ്രതീക്ഷിക്കുന്നതില്‍ അര്‍ത്ഥമുളളൂ. പത്തിലേറെ വര്‍ഷമായി അഭിനയിക്കാന്‍ എത്തിയിട്ടും രണ്ട് വര്‍ഷം മുമ്പാണ് അഭിനയ സാധ്യതകളുളള കഥാപാത്രങ്ങള്‍ ലഭിച്ച് തുടങ്ങിയത്.

എന്റെ മുഖം നിറയെ കുരുക്കളാണ്. വലിയ മൂക്കാണ്. ഒരു നായികയ്ക്ക് വേണ്ട ലുക്ക് ഇല്ലെന്നൊക്കെ പലരും പറഞ്ഞു. ഒരു പ്രശസ്ത നടിയും എന്നെപ്പറ്റി അങ്ങനെ പറഞ്ഞപ്പോള്‍ ശരിക്കും തകര്‍ന്നുപോയി. എന്നാല്‍ സൗന്ദര്യം മാത്രമല്ല അഭിനയത്തിന്റെ അളവുകോല്‍ എന്ന സത്യം എനിക്ക് ആത്മവിശ്വാസം തന്നു. നമ്മള്‍ സുന്ദരികളോ, സുന്ദരന്‍മാരോ ആയിരിക്കണമെന്നില്ല, മറിച്ച് ചെയ്യുന്ന കഥാപാത്രങ്ങളിലൂടെ ആളുകള്‍ക്ക് നമ്മോട് ഇഷ്ടം തോന്നുന്നതാണ് പ്രധാനം എന്ന ലാലേട്ടന്റെ വാക്കുകളും എനിക്ക് ആത്മവിശ്വാസം നല്‍കി.