'ഇത് പെര്‍ഫക്ട് കംബാക്ക്', തിയേറ്ററില്‍ സൂര്യയുടെ സര്‍പ്രൈസ്... വീഡിയോ കോള്‍ ചെയ്ത് കാര്‍ത്തിക് സുബ്ബരാജ്; പ്രേക്ഷക പ്രതികരണം ഇങ്ങനെ

സൂര്യയ്ക്ക് പെര്‍ഫക്ട് കംബാക്ക് നല്‍കി കാര്‍ത്തിക് സുബ്ബരാജ്. മികച്ച അഭിപ്രായങ്ങളാണ് ‘റെട്രോ’ സിനിമയ്ക്ക് തിയേറ്ററില്‍ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്. ‘സൂരറൈ പോട്രു’വിന് ശേഷം എത്തിയ സൂര്യയുടെ മികച്ച സിനിമ എന്നാണ് പ്രേക്ഷകര്‍ ഒന്നടങ്കം അഭിപ്രായപ്പെടുന്നത്. സൂര്യ ഈസ് ബാക്ക് എന്ന ഹാഷ്ടാഗ് ആണ് സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ് ആകുന്നത്.

തിയേറ്ററില്‍ നിന്നും കാര്‍ത്തിക് സുബ്ബരാജ് സൂര്യയെ വീഡിയോ കോള്‍ ചെയ്യുന്ന ദൃശ്യങ്ങളും വൈറലായിരിക്കുകയാണ്. ആദ്യ ഷോ കഴിഞ്ഞതിന് പിന്നാലെയാണ് സംവിധായകന്‍ സൂര്യയെ വീഡിയോ കോള്‍ ചെയ്ത് പ്രേക്ഷകരുടെ അഭിപ്രായങ്ങള്‍ സൂര്യയെ അറിയിക്കുന്നത്. പ്രേക്ഷകര്‍ക്ക് സൂര്യ നന്ദി അറിയിക്കുന്നുമുണ്ട്.

അതേസമയം, ചിത്രത്തിലെ മറ്റ് താരങ്ങളുടെ പ്രകടനവും ശ്രദ്ധ നേടുന്നുണ്ട്. നായികയായി എത്തിയ പൂജ ഹെഗ്‌ഡെയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനമാണ് ചിത്രത്തിലേത് എന്നാണ് പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നത്. ജയറാം, ജോജു ജോര്‍ജ് തുടങ്ങിയ താരങ്ങള്‍ക്കും കൈയ്യടികള്‍ ലഭിക്കുന്നുണ്ട്.

സന്തോഷ് നാരായണന്റെ മ്യൂസിക്കും ചിത്രത്തിലെ ആക്ഷന്‍ സീനുകളുമാണ് അടുത്ത പോസിറ്റീവ് ഘടകങ്ങളായി പറയപ്പെടുന്നത്. കനിമ എന്ന ഗാനത്തിന്റെ 15 മിനിറ്റ് സിംഗിള്‍ ഷോട്ട് ഗംഭീരമായ വിഷ്വല്‍ ട്രീറ്റാണെന്നും പലരും എക്സില്‍ കുറിക്കുന്നുണ്ട്. സൂര്യയുടെ 2ഡി സിനിമാസും കാര്‍ത്തിക് സുബ്ബരാജിന്റെ സ്റ്റോണ്‍ബെഞ്ചും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.