എന്ത് പറഞ്ഞാലും വിവാദമാക്കുവാന്‍ പലരും കാത്തുനില്‍ക്കുന്നു: സുരേഷ് ഗോപി

താന്‍ എന്ത് പറഞ്ഞാലും വിവാദമാക്കുവാന്‍ പലരും കാത്തുനില്‍ക്കുകയാണെന്ന് നടൻ  സുരേഷ് ഗോപി . അതുകൊണ്ട് തന്നെ വലിയ മുഖാമുഖങ്ങള്‍ക്ക് ഇപ്പോള്‍ നിന്ന് കൊടുക്കാറില്ല. പേരിനും പ്രശസ്തിക്കും വേണ്ടി ഒന്നും ചെയ്യുന്നില്ലെന്നും അദ്ദേഹം പറഞ്ഞു .

കൊവിഡില്‍ ലോകത്തിലെ വിവിധ ഭാഗങ്ങളിലെ മലയാളികളുടെ സങ്കടങ്ങളാണ് ഇന്ന് തന്റെ ഫോണില്‍ നിറയുന്നത്. അത് ഉറക്കം കെടുത്താന്‍ തുടങ്ങിയിട്ട് കുറച്ച് കാലങ്ങളായി. ചെയ്യാന്‍ കഴിയുന്നത് രാപ്പകല്‍ ഇല്ലാതെ ചെയ്യാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം മലയാളത്തില്‍ നിതിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന കാവലാണ് സുരേഷ് ഗോപിയുടെതായി അണിയറയില്‍ ഒരുങ്ങുന്ന പുതിയ ചിത്രം.

ഹൈറേഞ്ച് പശ്ചാത്തലത്തില്‍ രണ്ടു കാലഘട്ടത്തിന്റെ കഥ ദൃശ്യവല്‍ക്കരിക്കുന്ന ചിത്രം ഒരു ആക്ഷന്‍ ഫാമിലി ഡ്രാമ ആയിട്ടാണ് ഒരുങ്ങുന്നത്. ചിത്രത്തില്‍ ശ്രദ്ധേയമായ വേഷത്തില്‍ ലാലും എത്തുന്നുണ്ട്. സയാ ഡേവിഡ്, ഐ എം വിജയന്‍, അലന്‍സിയാര്‍, പത്മരാജ് രതീഷ്, സുജിത് ശങ്കര്‍, സന്തോഷ് കീഴാറ്റൂര്‍, കിച്ചു ടെല്ലസ്, ബിനു പപ്പു, മോഹന്‍ ജോസ്,കണ്ണന്‍ രാജന്‍ പി ദേവ്,മുരുകന്‍,മുത്തുമണി തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.