‘യാത്ര പറഞ്ഞിറങ്ങിയപ്പോള്‍ കണ്ണുകള്‍ നിറഞ്ഞൊഴുകി, മനസ്സിന്റെ വിങ്ങല്‍ ഇപ്പോഴും അവസാനിച്ചിട്ടില്ല’

മലയാള സിനിമയില്‍ ഒരുപിടി മികച്ച ഗാനങ്ങള്‍ സമ്മാനിച്ചവരാണ് എം.കെ അര്‍ജുനനും ശ്രീകുമാരന്‍ തമ്പിയും. ഇവരുടെ ഗാനങ്ങള്‍ ഇന്നും മലയാളികള്‍ക്ക് പ്രിയമുള്ളതാണ്. അര്‍ജുനന്‍ മാസ്റ്ററെ സന്ദര്‍ശിച്ചതിന്റെ സന്തോഷം പങ്കുവച്ച് ശ്രീകുമാരന്‍ തമ്പി ഫെയ്സ്ബുക്കില്‍ പങ്കുവച്ച ഒരു കുറിപ്പാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാവുന്നത്.

അര്‍ജുനന്‍ മാസ്റ്ററുടെ കുടുംബത്തോടൊപ്പം സമയം ചിലവഴിച്ചതും യാത്ര പറഞ്ഞിറങ്ങിയപ്പോള്‍ തന്റെ മനസ്സ് വല്ലാതെ വേദനിച്ചുവെന്നും ശ്രീകുമാരന്‍ തമ്പി ഫെയ്സ്ബുക്കില്‍ കുറിച്ചു.

ഫെയ്സ്ബുക്ക് പോസ്റ്റ്:

ഇന്നലെ അര്‍ജ്ജുനന്‍ മാസ്റ്ററെ കണ്ടു. അദ്ദേഹത്തിന് നല്ല സുഖമില്ലാതിരിക്കയാണ്. നെടുമ്പാശ്ശേരിയില്‍ നിന്ന് നേരേ പള്ളുരുത്തിയിലെ പാര്‍വ്വതി മന്ദിരത്തിലേക്ക്. മൂന്നു മണിക്കൂര്‍ അദ്ദേഹത്തിന്റെ കുടുംബത്തോടൊപ്പം ചെലവാക്കി. മാസ്റ്ററുടെ രണ്ടാമത്തെ മകള്‍ കലയുടെ പുത്രി കാവ്യ നന്നായി പാടും; നൃത്തം ചെയ്യും. രണ്ടും ആസ്വദിച്ചു. യാത്ര പറഞ്ഞിറങ്ങിയപ്പോള്‍ മാസ്റ്ററുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി എന്റെ മനസ്സിന്റെ വിങ്ങല്‍ ഇപ്പോഴും അവസാനിച്ചിട്ടില്ല. ഞങ്ങള്‍ ചേര്‍ന്നൊരുക്കിയ പാട്ട് വീണ്ടും വീണ്ടും ഓര്‍മ്മിച്ചു പോകുന്നു .

ഹൃദയത്തിനൊരു വാതില്‍
സ്മരണ തന്‍ മണിവാതില്‍
തുറന്നു കിടന്നാലും ദു:ഖം
അടഞ്ഞു കിടന്നാലും ദു:ഖം