റിയാലിറ്റി അല്ല ഇത് ഭയപ്പെടുത്തുന്ന റിയാലിറ്റിയാണ്; സൗദി വെള്ളക്കയെ കുറിച്ച് ജി.ആര്‍ ഇന്ദുഗോപന്‍

ഹിറ്റായ ‘ഓപ്പറേഷന്‍ ജാവ’യ്ക്ക് ശേഷം തരുണ്‍ മൂര്‍ത്തിയുടെ സംവിധാനത്തില്‍ ഒരുങ്ങിയ സൗദി വെള്ളക്ക തിയറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ഇപ്പോഴിതാ സിനിമയെക്കുറിച്ച് തരുണിന് കത്തെഴുതിയിരിക്കുകയാണ് കഥാകൃത്തും നോവലിസ്റ്റുമായ ജി ആര്‍ ഇന്ദുഗോപന്‍.

സിനിമ അവതരിപ്പിക്കുന്നത് റിയാലിറ്റിയല്ല ഭയപ്പെടുത്തുന്ന റിയാലിറ്റിയാണെന്നും ഇന്ദുഗോപന്‍ കുറിച്ചു. ഇതേ സത്യസന്ധത നെടുനാള്‍ തങ്ങി നില്‍ക്കട്ടെ എന്ന് അദ്ദേഹം ആശംസിക്കുകയും ചെയ്തു.

പ്രിയപ്പെട്ട തരുണ്‍ …
സൗദി വെള്ളക്ക കണ്ടു. റിയാലിറ്റി അല്ല ഇത് ഭയപ്പെടുത്തുന്ന റിയാലിറ്റിയാണ്, നമ്മുടെ നീതിന്യായ വ്യവസ്ഥയുടെ നിര്‍വികാരതയാണ് ഐഷ ഉമ്മയുടെ മുഖം. ഒച്ചിഴയുന്നതു പോലെ മാത്രം അനങ്ങുന്ന മാംസപേശികള്‍ ; നമ്മുടെ അവസ്ഥ മേല്‍ വ്യവസ്ഥ നീങ്ങുന്നത് ഇങ്ങനെയുള്ള മുഖപേശികളിലൂടെയാണ്.

ഇന്ത്യന്‍ ജനതയ്ക്ക് ഒരു ജാതി – മത വര്‍ഗ വ്യത്യാസമില്ലെന്നു മനസ്സിലായി, വ്യവസ്ഥ ; അവരുടെ തലയ്ക്കു മീതെ അവരുമ്പോള്‍ ; പിന്നെ അവസ്ഥ മാത്രമേയുള്ളൂ. ഇതിലെ ഇടുങ്ങിയ തെരുവുകള്‍ ജ്യോഗ്രഫി തെളിവുകളാണ്. അതേ, ആര്‍ട്ട് മന:പൂര്‍വും ഉണ്ടാകുന്നത് കൂടിയാണ്.

നിര്‍മ്മാതാവ് വെറുമൊരു ‘തൊണ്ടി’ മാത്രമല്ലെന്നും സംവിധായകന്‍ ആയ ആര്‍ട്ടിസ്റ്റിനൊപ്പം നില്‌ക്കേണ്ട ‘മുതലു’ കൂടിയാണെന്ന് സന്ദീപ് സേനനും ഒരിക്കല്‍ കൂടി തെളിയിച്ചു. നിങ്ങളുടെയൊക്കെ ഉള്‍ക്കാമ്പില്‍ ഇതേ സത്യസന്ധത നെടുനാള്‍ തങ്ങി നില്‍ക്കട്ടെ. ആശംസകള്‍.

ജി. ആര്‍. ഇന്ദുഗോപന്‍