'പുലയാടി മക്കള്‍' ഗാനരചയിതാവിനെ തേടിയെത്തി സോഹന്‍ സീനുലാല്‍

‘പുലയാടി മക്കള്‍ക്ക് പുലയാണ് പോലും’ എന്ന വിവാദ ഗാനത്തിന്റെ രചയിതാവിനെ കാണാനെത്തി സംവിധായകനും നടനുമായ സോഹന്‍ സീനുലാല്‍. പത്തനംതിട്ട പ്രമാടം സ്വദേശി പി.എന്‍.ആര്‍ കുറുപ്പാണ് ഗാനത്തിന്റെ രചയിതാവ്. ‘ഭാരത സര്‍ക്കസ്’ എന്ന പേരില്‍ സോഹന്‍ സംവിധാനം ചെയ്ത സിനിമയില്‍ ഈ ഗാനം ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഈ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ ഈയടുത്ത ദിവസം പുറത്തെത്തിയിരുന്നു. ഡിസംബര്‍ 9ന് ആണ് ഭാരത സര്‍ക്കസ് റിലീസിന് ഒരുങ്ങുന്നത്. മലയാളത്തിലെ ആധുനിക കവികളില്‍ പ്രമുഖനാണ് പി.എന്‍.ആര്‍ കുറുപ്പ്. ‘പുലയാടി മക്കള്‍’ എന്ന പേരില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള സമാഹാരത്തിലാണ് ഈ കവിത ഉള്‍പ്പെടുത്തിയിട്ടുള്ളത്.

തന്റെ വരികളുടെ തീക്ഷ്ണമായ സ്വഭാവമായിരിക്കാം കവി അയ്യപ്പന്റേത് എന്ന പേരില്‍ നടക്കുന്ന പ്രചാരണങ്ങള്‍ക്ക് കാരണമെന്നും കുറുപ്പ് പറഞ്ഞു. തന്റെ സുഹൃത്തായിരുന്ന അയ്യപ്പനും തീക്ഷ്ണമായ വരികള്‍ എഴുതിയിട്ടുള്ള കവിയാണ്. സാംസ്‌കാരിക ലോകത്ത് തനിക്ക് പ്രിയപ്പെട്ട മറ്റൊരാള്‍ ചലച്ചിത്രകാരനായിരുന്ന ജോണ്‍ എബ്രഹാം ആണ്.

വ്യവസ്ഥിതിയെ വെല്ലുവിളിച്ച പ്രതിഭകളായിരുന്നു ഇരുവരും. ജോണും അയ്യപ്പനും അവരുടെ മരണത്തില്‍ പോലും ധിക്കാരത്തോടെ ലോകത്തോട് പ്രതികരിച്ചവരായിരുന്നെന്നും പിഎന്‍ആര്‍ കുറുപ്പ് പറഞ്ഞു. മാധ്യമങ്ങള്‍ക്ക് മുന്നില്‍ കവി തന്റെ ഗാനം പാടുകയും ചെയ്തു.

ബെസ്റ്റ് വേ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ അനൂജ് ഷാജി നിര്‍മ്മിച്ച് സോഹന്‍ സീനുലാല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബിനു പപ്പു, ഷൈന്‍ ടോം ചാക്കോ, സംവിധായകന്‍ എം.എ നിഷാദ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.