വിക്ക് ആത്മവിശ്വാസം തകര്‍ത്തു, രക്ഷിച്ചത് ഹൃത്വിക് റോഷന്‍: സമീറ റെഡ്ഡി

ബോളിവുഡില്‍ നിന്നെത്തി തെന്നിന്ത്യന്‍ സിനിമാ പ്രേക്ഷകരുടെ മനം കവര്‍ന്ന നടിയാണ് സമീറ റെഡ്ഡി. വാരണം ആയിരം എന്ന ഗൗതം മേനോന്‍ ചിത്രത്തില്‍ സൂര്യയുടെ നായികയായാണ് സമീറ അഭിനയിച്ചത്. സമീറ അവതരിപ്പിച്ച മേഘ്ന എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. കരിയറില്‍ ചുരുങ്ങിയ കാലം കൊണ്ട് തന്നെ ശ്രദ്ധ നേടിയ സമീറ പക്ഷേ ഒരു കാലത്ത് തനിക്കൊട്ടും ആത്മവിശ്വാസമില്ലായിരുന്നെന്നും അത്തരം അവസ്ഥയില്‍ നിന്ന് കര കയറ്റിയത് ബോളിവുഡ് നടന്‍ ഹൃത്വിക് റോഷനാണെന്നും വെളിപ്പെടുത്തിയിരിക്കുകയാണ്.

ഒരു അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തല്‍. വിക്കുണ്ടായിരുന്നത് കൊണ്ട് മറ്റുള്ളവരുടെ മുന്നില്‍ നിന്ന് സംസാരിക്കാന്‍ എനിക്ക് ഭയമായിരുന്നു. സിനിമയുടെ ഓഡീഷന് വേണ്ടി പോയിരുന്ന കാലത്ത് അതെന്നെ വല്ലാതെ അലട്ടി. പ്രശ്നം മനസ്സിലാക്കിയ ഹൃത്വിക് എനിക്ക് ഒരു പുസ്തകം വായിക്കാന്‍ തന്നു. ആ പുസ്തകം എന്റെ ജീവിതം മാറ്റി മറിച്ചു.

വിക്കുണ്ടായിരുന്ന വ്യക്തിയാണ് ഹൃത്വിക്. അതൊരു വൈകല്യമല്ല എന്ന് അദ്ദേഹം ജീവിതത്തിലൂടെ കാണിച്ചു തന്നു. വ്യത്യസ്ത ശൈലിയില്‍ ഭാഷകള്‍ കൈകാര്യം ചെയ്യാന്‍ ഇന്ന് ഹൃത്വികിന് സാധിക്കും. സൂപ്പര്‍ 30യില്‍ അദ്ദേഹം സംസാരിക്കുന്നത് ബീഹാറി ഛായയുള്ള ഹിന്ദിയാണ്. സമീറ പറഞ്ഞു.