തുണി പൊക്കി നാട്ടുകാരെ കാണിക്കുന്നതും അശ്ലീലം പറയുന്നതും അല്ല സിനിമാ നിര്‍മ്മാണം..; വിനായകനെതിരെ സിയാദ് കോക്കര്‍

നിര്‍മ്മാതാവ് ജി സുരേഷ് കുമാറിനെതിരെ പ്രതികരിച്ച നടന്‍ വിനായകന് മറുപടിയുമായി നിര്‍മ്മാതാവ് സിയാദ് കോക്കര്‍. ആരോട് എന്ത് പറയണം എന്ന് വിനായകന്‍ പഠിപ്പിക്കേണ്ട എന്നാണ് സിയാദ് കോക്കര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. തുണി പൊക്കി നാട്ടുകാരെ കാണിക്കുന്നതും അശ്ലീലം പറയുന്നതും അല്ല സിനിമാനിര്‍മാണമെന്നും സിയാദ് കോക്കര്‍ പറഞ്ഞു.

”എത്രയും പ്രിയപ്പെട്ട വിനായകന്‍ സര്‍ അറിയുവാന്‍. സുരേഷ്‌കുമാര്‍ ഒറ്റക്കല്ല.. ഞങ്ങള്‍ ഒറ്റകെട്ടായി കൂടെ തന്നെ ഉണ്ട്. സോഷ്യല്‍ മീഡിയയില്‍ വരുന്ന ട്രോള്‍ കണ്ട് ഭയക്കുന്നവരല്ല ഞങ്ങള്‍. ആരോട് എന്ത് പറയണം എന്ന് താന്‍ പഠിപ്പിക്കണ്ട വിനായകാ… തുണി പൊക്കി നാട്ടുകാരെ കാണിക്കുന്നതും അശ്ലീലം പറയുന്നതും അല്ല സിനിമാ നിര്‍മ്മാണം. താന്‍ ഒരു സിനിമ എടുത്ത് കാണിക്ക്.”

”എന്നിട്ട് നിങ്ങള്‍ വീമ്പിളിക്കൂ. സിനിമയില്‍ അഭിനയിക്കാനും പ്രൊഡക്ഷന്‍ ചെയ്യാനും പ്രായം ഒരു അളവുകോല്‍ ആണെങ്കില്‍ ഇന്ന് മലയാള സിനിമയില്‍ ആരൊക്കെ ഉണ്ടാകുമെന്ന് ഞാന്‍ പറയണ്ട കാര്യമില്ലല്ലോ… പിന്നെ ഒരു കാര്യം, സിനിമ വിജയിച്ചില്ലെങ്കില്‍ പ്രേക്ഷകരെ തുണി പൊക്കി കാണിക്കരുതേ വിനായകാ” എന്നാണ് സിയാദ് കോക്കര്‍ കുറിച്ചിരിക്കുന്നത്.

അതേസമയം, കഴിഞ്ഞ ദിവസം നിര്‍മാതാക്കളുടെ സംഘടന അഭിനേതാക്കള്‍ സിനിമ നിര്‍മ്മിക്കുന്നതിനെതിരെ വിമര്‍ശിച്ചിരുന്നു. അഭിനേതാക്കള്‍ സിനിമ നിര്‍മ്മിക്കേണ്ടായെന്ന് ഭാര്യയോടും മകളോടും പറഞ്ഞാല്‍ മതി എന്നായിരുന്നു സുരേഷ് കുമാറിനെതിരെ വിമര്‍ശനവുമായി വിനായകന്‍ രംഗത്ത് വന്നത്. നടനായ താന്‍ സിനിമ പിടിക്കും എന്നാണ് വിനായകന്‍ പറഞ്ഞത്.

Read more